ലൈംഗിക പീഡന കേസ്: പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ കേന്ദ്രത്തിന് മടി
Mail This Article
ബെംഗളൂരു∙ ലൈംഗിക പീഡന കേസിൽ പ്രതിയായ ജനതാദൾ എംപി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ട് കർണാടക സർക്കാർ 2 തവണ സമീപിച്ചിട്ടും കേന്ദ്ര സർക്കാരിൽ നിന്ന് അനൂകൂല നടപടിയില്ല. പാസ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതിയെങ്കിലും കോടതി നിർദേശിച്ചാലേ ഇതു സാധ്യമാകൂ എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
തുടർന്ന് ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതു ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കഴിഞ്ഞ ദിവസം വീണ്ടും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും പ്രതികരണമില്ലെന്ന് ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു. എംപി ഉൾപ്പെട്ട മൂവായിരത്തോളം അശ്ലീല വിഡിയോകൾ പ്രചരിച്ചതിനെ തുടർന്നാണ് കർണാടകയിൽ ആദ്യഘട്ട തിരഞ്ഞെടുപ്പു നടന്ന് ഏപ്രിൽ 26ന് രാത്രി പ്രജ്വൽ ജർമനിയിലേക്കു കടന്നത്.
ഇതിനിടെ, പ്രജ്വലിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി അശ്ലീല വിഡിയോകളുടെ ഡിജിറ്റൽ സ്രോതസ്സുകളെ കുറിച്ചുള്ള വിവരങ്ങൾ എസ്ഐടി ശേഖരിച്ചു തുടങ്ങി. ഇതിനായി ആപ്പിൾ മൊബൈൽ കമ്പനിയുടെ സഹായവും തേടി. എംപി സ്വന്തം ഐ ഫോണിൽ ചിത്രീകരിച്ച അശ്ലീല ദൃശ്യങ്ങൾ ഐ ക്ലൗഡിൽ നിന്നാണ് മുൻ ഡ്രൈവർ കാർത്തിക് ചോർത്തിയത്.
വിദേശത്തു നിന്നു മടങ്ങി ഉടൻ അന്വേഷണം നേരിടണമെന്ന് പിതൃസഹോദരനും ദൾ സംസ്ഥാന അധ്യക്ഷനുമായി കുമാരസ്വാമി പ്രജ്വലിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. 400 സ്ത്രീകൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ ദൾ ഡിജിപിക്കു പരാതിയും നൽകി.