തിരഞ്ഞെടുപ്പു തോറ്റു കഴിയുമ്പോൾ മോദി ഗാന്ധിജിയുടെ ആത്മകഥ വായിക്കണം: ഖർഗെ
Mail This Article
ന്യൂഡൽഹി ∙ ധ്യാനമിരുന്നതുകൊണ്ടോ ഗംഗയിൽ മുങ്ങിയതു കൊണ്ടോ ഒരു കാര്യത്തെക്കുറിച്ചു വിവരമുണ്ടാകില്ലെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗാന്ധിജി പരാമർശത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ലോകത്തിനു മുഴുവനും അറിയാവുന്ന ആളായിരുന്നു ഗാന്ധി. ഐക്യരാഷ്ട്ര സഭയുടെ മുന്നിൽ വരെ ഗാന്ധിജിയുടെ പ്രതിമയുണ്ട്. 70–80 രാജ്യങ്ങളിൽ ഗാന്ധിജിയുടെ പ്രതിമയുണ്ട്. അഹിംസയിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത എല്ലാ രാജ്യങ്ങൾക്കും ഗാന്ധി പരിചിതനാണ്. തിരഞ്ഞെടുപ്പിൽ തോറ്റ് കൂടുതൽ സമയം കിട്ടുമ്പോൾ മോദിയും മറ്റു ബിജെപിക്കാരും സ്വാതന്ത്ര്യസമര സേനാനികളുടെ ആത്മകഥാപുസ്തകങ്ങൾ വായിക്കണം. ഗാന്ധിജിയുടെ ആത്മകഥ ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ പാഠപുസ്തകമായിരുന്നു. അതു വായിച്ചു മനസ്സിലാക്കണം. ഗാന്ധിജിയെ മാത്രമല്ല ഭരണഘടനയെക്കുറിച്ചും മോദിക്ക് ഒന്നും അറിയില്ല’– ഖർഗെ പറഞ്ഞു.
ആർഎസ്എസുമായി ബന്ധപ്പെട്ടവർക്കു ഗാന്ധിയുടെ പൈതൃകത്തെക്കുറിച്ചുള്ള അജ്ഞതയാണ് മോദിയിലൂടെ പുറത്തു വന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘ആരുടെ പരിശീലനമാണ് ആർഎസ്എസ് ശാഖയിൽ ലഭിക്കുന്നത്. ഗോഡ്സെയുടെ അനുയായികളാണ് അവർ. അവർക്ക് ഗാന്ധിജിയെക്കുറിച്ച് ഒന്നുമറിയില്ല. ഇന്ത്യയുടെ ചരിത്രമോ സത്യമോ അഹിംസയോ ഒന്നും അവർക്ക് അറിയില്ല – രാഹുൽ പറഞ്ഞു.
ഗാന്ധിയെക്കുറിച്ചു മോദി നടത്തിയ അവകാശവാദം ഞെട്ടൽ ഉളവാക്കിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. മോദി ജനിക്കുന്നതിനും മുൻപ് 5 വട്ടം നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യപ്പെട്ടയാളാണ് ഗാന്ധിജി.