സിക്കിമിൽ ബിജെപിയുടെ ‘അരുണാചൽ മോഡൽ’ പാളി; സംസ്ഥാന പ്രസിഡന്റിനടക്കം പരാജയം
Mail This Article
കൊൽക്കത്ത ∙ അരുണാചൽ മാതൃകയിൽ കൂറുമാറിയെത്തിയ എംഎൽഎമാരുമായി ഭരണം പിടിച്ചെടുക്കാമെന്നു മോഹിച്ച ബിജെപിക്കു സിക്കിമിൽ വൻപരാജയം. കഴിഞ്ഞതവണ ജയിച്ച എസ്ഡിഎഫിന്റെ 12 എം എൽഎമാർ ഏറെ വൈകാതെ ബിജെപിയിൽ ചേർന്നിരുന്നു. എൻഡിഎയുടെ ഭാഗമാണെങ്കിലും ബിജെപിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ എസ്കെഎം തയാറായില്ല. തുടർന്നാണ് 31 മണ്ഡലങ്ങളിൽ ബിജെപി ഇത്തവണ ഒറ്റയ്ക്കു മത്സരിച്ചത്. പാർട്ടി സംസ്ഥാന പ്രസിഡന്റ് ദില്ലി റാം താപ്പ ഉൾപ്പെടെ എല്ലാവരും പരാജയപ്പെട്ടു.
പാർട്ടിയിൽ ഒപ്പമുണ്ടായിരുന്നവർ ചതിച്ചെങ്കിലും ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു ചാംലിങ്ങിന്റെ നേതൃത്വത്തിൽ എസ്ഡിഎഫ്. ബൈചുങ് ബൂട്ടിയ സ്ഥാപിച്ച ഹാറോ സിക്കിം പാർട്ടി കഴിഞ്ഞവർഷം എസ്ഡിഎഫിൽ ലയിച്ചതോടെ പാർട്ടിക്ക് ഉണർവു ലഭിക്കുകയും ചെയ്തിരുന്നെങ്കിലും ഭരണം നേടാൻ ഇതൊന്നും സഹായകരമായില്ല. സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് എസ്കെഎമ്മിൽനിന്നു കൂറുമാറിയെത്തിയ ആളാണ് എസ്ഡിഎഫിന്റെ ഏക എംഎൽഎ ടെൻസിങ് നോർബു ലംത.
ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ സിക്കിമിൽ സ്വത്വരാഷ്ട്രീയത്തിനൊപ്പം തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളും തിരഞ്ഞെടുപ്പു ചർച്ചാവിഷയമായിരുന്നു. 2019ൽ കേവലഭൂരിപക്ഷത്തിനു വേണ്ട കൃത്യം 17 സീറ്റോടെ സിക്കിമിൽ എസ്കെഎമ്മിനെ അധികാരത്തിലെത്തിച്ച മുഖ്യമന്ത്രി പ്രേംസിങ് തമാങ്ങിന് (56) ഇക്കുറി സ്വന്തം സ്ഥാനമുറപ്പിക്കുന്ന ആധികാരിക ജയമാണു ലഭിച്ചത്. സ്കൂൾ അധ്യാപനം വിട്ടു രാഷ്ട്രീയത്തിലെത്തിയ തമാങ് തന്റെ രാഷ്ട്രീയഗുരുവായ പവൻകുമാർ ചാംലിങ്ങൂമായി തെറ്റിയാണ് 2013ൽ എസ്കെഎം സ്ഥാപിച്ചത്.
അരുണാചൽ പ്രദേശിൽ പേമ ഖണ്ഡു തുടർന്നേക്കും
കൊൽക്കത്ത ∙ ബിജെപി ഭരണം നിലനിർത്തിയ അരുണാചൽ പ്രദേശിൽ പേമ ഖണ്ഡു തന്നെ മൂന്നാം തവണയും മുഖ്യമന്ത്രിയായേക്കും. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി ഡോർജി ഖാണ്ഡുവിന്റെ മകനായ പേമ ഖണ്ഡു (44) നിലവിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി കൂടിയാണ്. ഹെലികോപ്റ്റർ അപകടത്തിൽ പിതാവ് മരിച്ചശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്. 2016ൽ പേമ ഖണ്ഡുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് എംഎൽഎമാർ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ പ്രദേശിൽ ലയിക്കുകയും തൊട്ടുപിന്നാലെ ബിജെപിയിൽ ചേരുകയും ചെയ്തതോടെയാണു സംസ്ഥാനത്ത് ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്.