ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയതലത്തിൽ കോൺഗ്രസ് തലയെടുപ്പോടെ നിന്ന ദിനം പ്രിയങ്ക ഗാന്ധിക്കു കയ്യടിച്ച് പാർട്ടി നേതൃത്വം. പ്രചാരണരംഗത്തു കോൺഗ്രസിന്റെ ഏറ്റവും മൂർച്ചയേറിയ നാവായിരുന്നു പ്രിയങ്ക. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നേതാക്കൾ ഗാന്ധി കുടുംബത്തെയും കോൺഗ്രസിനെയും വിമർശനങ്ങളിൽ മൂടിയപ്പോൾ അതിനു ചുട്ടമറുപടിയുമായി മുന്നിൽനിന്നത് പ്രിയങ്കയാണ്. രാജ്യത്തുടനീളം സഞ്ചരിച്ച അവർ, ഇന്ത്യാസഖ്യത്തിലെ മറ്റു കക്ഷികൾക്കു വേണ്ടിയും പ്രചാരണത്തിനിറങ്ങി. 

കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് ഇന്നലെ രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തുമ്പോൾ മാധ്യമപ്രവർത്തകർക്കിടയിൽ പ്രിയങ്കയുണ്ടായിരുന്നു. അവരെ ചൂണ്ടി രാഹുൽ പറഞ്ഞു – ‘പ്രിയങ്ക മറഞ്ഞുനിൽക്കുകയാണ്; ഈ തിരഞ്ഞെടുപ്പിൽ അവൾ വഹിച്ച പങ്കു വലുതാണ്.’

ഇന്ത്യാമുന്നണിയുടെ പവർഹൗസ് 

ചെന്നൈ ∙ ‘നാടും നമതേ, നാൽപതും നമതേ’ (നാടും നമ്മുടേത് നാൽപതും നമ്മുടേത്) എന്ന മുദ്രാവാക്യവുമായിട്ടാണ് ഇത്തവണ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. ഫലം വന്നപ്പോൾ ആ മുദ്രാവാക്യം അക്ഷരംപ്രതി പാലിച്ചു കരുത്തുകാട്ടി. 10 വർഷത്തെ ഇടവേളയ്ക്കൊടുവിൽ 2021ൽ സംസ്ഥാന അധികാരം പിടിച്ച ഡിഎംകെ, കൃത്യമായ ഇടവേളകളിൽ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് ജനത്തെ ചേർത്തുനിർത്തി. സഖ്യകക്ഷികളെ ഒറ്റക്കെട്ടായിനിർത്തി.

കൃത്യമായ ആസൂത്രണത്തിലൂടെ സ്ഥാനാർഥിനിർണത്തിനും പ്രചാരണങ്ങൾക്കും നേതൃത്വം നൽകിയ സ്റ്റാലിൻ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായുള്ള 40 സീറ്റുകളും പിടിച്ചടക്കി. ഇതോടെ ഇന്ത്യാമുന്നണിയുടെ പവർഹൗസായി തമിഴ്നാടിനെ മാറ്റാനും സ്റ്റാലിനായി. വിവിധ മന്ത്രിമാർക്കെതിരെയുള്ള ഇ.ഡി.നടപടിയും അറസ്റ്റും അഴിമതി ആരോപണങ്ങളും ഉൾപ്പെടെയുള്ള തിരിച്ചടികൾ മറികടന്നാണ് ഈ വിജയം. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും ഉൾപ്പെടെയുള്ള നേതാക്കൾ പല തവണ പ്രചാരണത്തിനെത്തിയിട്ടും തമിഴ്നാട്ടിൽ ‘താമര’ വിരിഞ്ഞില്ല.

കരുത്തോടെ ഖർഗെ

ന്യൂഡൽഹി ∙ ബിജെപിയെ കേവല ഭൂരിപക്ഷത്തിനു താഴേക്കു വീഴ്ത്തി ഇന്ത്യാസഖ്യം നടത്തിയ ഉശിരൻ പോരാട്ടത്തിന് ചുക്കാൻ പിടിച്ചത് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ. 1998 നു ശേഷം ഗാന്ധി കുടുംബത്തിനു പുറത്തു നിന്നുള്ള ആദ്യ പാർട്ടി പ്രസിഡന്റാണ് 81 വയസ്സുള്ള ഖർഗെ. 2022 ൽ സ്ഥാനമേറ്റ അദ്ദേഹം സംഘടനാസംവിധാനത്തിന് അടുക്കുംചിട്ടയും ഉറപ്പാക്കി.

തീരുമാനങ്ങളെടുക്കാൻ ദേശീയ, സംസ്ഥാന നേതാക്കളുമായി നിരന്തരം ചർച്ച നടത്തി. കാരണവരുടെ സ്ഥാനത്തിരുന്ന് ഉൾപ്പാർട്ടി പോരുകൾക്കു പരിഹാരം കണ്ടു. രാജസ്ഥാനിൽ തമ്മിലടിച്ച അശോക് ഗെലോട്ടിനെയും സച്ചിൻ പൈലറ്റിനെയും തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രചാരണത്തിനിറക്കി.

പ്രായത്തിന്റെ അവശതകൾ വകവയ്ക്കാതെ രാജ്യത്തുടനീളം പ്രചാരണം നടത്തിയ അദ്ദേഹം, പാർട്ടിയുടെ ദലിത് മുഖമായും നിന്നു. ഇന്ത്യാസഖ്യ കക്ഷികളെ ഒറ്റച്ചരടിൽ കോർത്തിണക്കാൻ മുൻകയ്യെടുത്ത അദ്ദേഹം, സീറ്റ് വിഭജനം സുഗമമാക്കുന്നതിലും പങ്കുവഹിച്ചു.

ഉദിച്ചുയർന്ന് ഉദ്ധവ്

∙ തിരിച്ചടികളുടെ ശരശയ്യയിൽ നിന്നാണ് ഉദ്ധവ് താക്കറെയുടെ ഉയിർത്തെഴുന്നേൽപ്. ഏക്നാഥ് ഷിൻഡെ 2022 ൽ നടത്തിയ വിമത നീക്കത്തിൽ പാർട്ടി രണ്ടായി പിളരുകയും ഉദ്ധവിനു മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. 56 എംഎൽഎമാരിൽ 39 പേരും ഷിൻഡെയ്ക്കൊപ്പം പോയി. ബിജെപിയുമായി ചേർന്നു ഷിൻഡെ മുഖ്യമന്ത്രിയായി. പിന്നാലെ ശിവസേനയെന്ന പേരും അമ്പും വില്ലും ചിഹ്നവും നഷ്ടപ്പെട്ടു. എന്നാൽ,  21 സീറ്റിൽ മത്സരിച്ച ഉദ്ധവ് വിഭാഗം 11 സീറ്റുകളിലും വിജയിച്ചു.

ശരദ് ‘പവർ’

∙ യഥാർഥ എൻസിപി ഏതെന്ന ചോദ്യത്തിന് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു വിജയത്തിലൂടെ ശരദ് പവാർ ഉത്തരം നൽകി. എൻസിപി പിളർത്തി പാർട്ടിയുടെ പേരും ചിഹ്നവും അടക്കം തട്ടിയെടുത്ത സഹോദരപുത്രൻ അജിത് പവാറിനെ നിഷ്പ്രഭമാക്കുന്ന വിജയം. 10 സീറ്റിൽ മത്സരിച്ച പാർട്ടി ആറിടത്ത് വിജയക്കൊടി നാട്ടി. നാലിടത്തു മത്സരിച്ച അജിത്തിന്റെ പാർട്ടി ഒരു സീറ്റിലൊതുങ്ങി. നേതാക്കളേറെയും അജിത്തിനൊപ്പം പോയിട്ടും അണികൾ തനിക്കൊപ്പമാണെന്ന് തെളിയിക്കാൻ സീനിയർ പവാറിനു കഴിഞ്ഞു.

അജിത് പവാറിന്റെ ഭാര്യ സുനേത്രയ്ക്കെതിരെ സ്വന്തം തട്ടകമായ ബാരാമതിയിൽ മകൾ സുപ്രിയ സുളെയുടെ വിജയവും ഉറപ്പാക്കാനായി. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് 83–ാം വയസ്സിൽ അദ്ദേഹം അതിജീവിച്ചത്.

വിശ്വാസം കാത്ത് കെസി

ന്യൂഡൽഹി ∙ വിശ്വസ്തർ ഒന്നൊന്നായി വിട്ടുപോയപ്പോഴും രാഹുൽ ഗാന്ധി വിടാതെ ഒപ്പം നിർത്തിയതാണ‌ു കെ.സി.വേണുഗോപാലിനെ. തിരഞ്ഞെടുപ്പ് തോൽവികൾ പിന്തുടർന്നപ്പോൾ ഏറ്റവുമധികം പഴികേട്ടവരിലൊരാൾ അദ്ദേഹമാണ്. സംഘടനാസംവിധാനത്തിലെ പോരായ്മകൾ കോൺഗ്രസിനെ പലവട്ടം വീഴ്ത്തിയപ്പോഴും വേണുഗോപാലിനെ ചുമതലയിൽ പാർട്ടി നിലനിർത്തി. ഒരാൾക്ക് ഒരു പദവിയിൽ 5 വർഷമെന്ന നിബന്ധനയിലും ഇളവു നൽകി.

രാഹുലിന്റെ ഭാരത് ജോഡോ പദയാത്ര വേണുഗോപാലിന്റെ നേതൃമികവിനു തെളിവായി. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള പദയാത്രയിൽ അദ്ദേഹം രാഹുലിനൊപ്പം നടന്നു. മണിപ്പുരിൽ നിന്നു മഹാരാഷ്ട്രയിലേക്കുള്ള യാത്രയിലും രാഹുലിന്റെ ഒപ്പമുണ്ടായിരുന്നു. ആലപ്പുഴ തിരിച്ചുപിടിക്കാൻ പാർട്ടി ഏൽപിച്ച ദൗത്യവും വിജയകരമായി പൂർത്തിയാക്കിയതോടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വേണുഗോപാലിനു കരുത്തേറുകയാണ്.

English Summary:

Priyanka was the sharpest tongue of the Congress in the field of campaigning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com