ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാഫലം (നീറ്റ്–യുജി) പുറത്തുവന്നതിനു പിന്നാലെ പരാതിപ്രവാഹം. ഒന്നാം റാങ്കുകാരുടെ എണ്ണം കൂടിയതും ഹരിയാനയിലെ ഒരു കേന്ദ്രത്തിൽ പരീക്ഷയെഴുതിയ 6 വിദ്യാർഥികൾക്കു മുഴുവൻ മാർക്കു ലഭിച്ചതും പരീക്ഷയെ സംശയനിഴലിലാക്കി. പരീക്ഷ വീണ്ടും നടത്തണമെന്നും റാങ്ക് പുനർനിർണയിക്കണമെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

മെഡിക്കൽ വിദ്യാർഥികളുടെയെല്ലാം ആദ്യ ചോയ്സായ ഡൽഹി എയിംസിൽ ജനറൽ വിഭാഗത്തിലുള്ളത് 56 സീറ്റാണ്. നീറ്റ്–യുജി പരീക്ഷയിൽ ഇത്തവണ 720ൽ 720 മാർക്കും നേടി ഒന്നാം റാങ്ക് സ്വന്തമാക്കിയത് 67 പേർ. ഒന്നാം റാങ്ക് ജേതാക്കൾക്കു പോലും എയിംസിൽ സീറ്റ് ലഭിക്കാത്ത സാഹചര്യമാണ്. ആദ്യം അപേക്ഷ നൽകിയവർക്ക് സീറ്റ് നൽകാനുള്ള അധികൃതരുടെ വിചിത്രമായ തീരുമാനത്തിനെതിരെയും പ്രതിഷേധമുയർന്നു.

ഗ്രേസ് മാർക്ക് അനുവദിച്ചതിലും പരാതികളുണ്ട്. ചിലർക്കു 718, 719 മാർക്കുകൾ ലഭിച്ചതോടെയാണു വിഷയം ശ്രദ്ധയിൽപെട്ടത്. ഒരു ശരിയുത്തരത്തിനു 4 മാർക്കാണു ലഭിക്കുക. ഉത്തരം തെറ്റാണെങ്കിൽ ഒരു മാർക്ക് കുറയും. ഇതനുസരിച്ച് 720 കഴിഞ്ഞാൽ 716 ആണു വരേണ്ടത്. മേയ് 5നു നടന്ന പരീക്ഷ പലയിടത്തും വൈകിയാണ് ആരംഭിച്ചതെന്നും ഇതിനു ഗ്രേസ് മാർക്ക് നൽകിയതിനെത്തുടർന്നാണ് 718, 719 മാർക്കുകൾ വന്നതെന്നുമാണു പരീക്ഷ നടത്തിയ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ)യുടെ വിശദീകരണം.  

തെറ്റിനും ഗ്രേസ് മാർക്

ഫിസിക്സ് വിഭാഗത്തിൽ നിന്നുള്ള ഒരു ചോദ്യത്തിന് ഗ്രേസ് മാർക്ക് അനുവദിച്ചതാണു കൂടുതൽ പേർക്ക് ഒന്നാം റാങ്ക് ലഭിക്കാൻ കാരണമെന്ന് എൻടിഎ പറയുന്നു. പഴയ എൻസിഇആർടി പാഠപുസ്തകത്തിലെ തെറ്റായ പരാമർശമാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. പരാതി ഉയർന്നതോടെ തെറ്റായ ഉത്തരം നൽകിയവർക്കും ഗ്രേസ് മാർക്ക് അനുവദിക്കാൻ തീരുമാനിച്ചു. ഒരുത്തരം തെറ്റായി 715 മാർക്കു ലഭിച്ചിരുന്ന 44 പേർക്ക് ഇതിലൂടെ സ്കോർ 720 ആയി ഉയർന്നു.

English Summary:

Complaint against NEET UG result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com