തിരഞ്ഞെടുപ്പുഫലം എല്ലാവർക്കുമുള്ള സന്ദേശം: വെങ്കയ്യ നായിഡു
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തിയ ലക്ഷക്കണക്കിനു ജനങ്ങൾ മേൽത്തട്ടു മുതൽ താഴെത്തട്ടുവരെയുള്ള എല്ലാവർക്കുമുള്ള സന്ദേശമാണു നൽകിയതെന്നു മുൻ ഉപരാഷ്ട്രപതിയും മുതിർന്ന ബിജെപി നേതാവുമായ വെങ്കയ്യ നായിഡു.
‘ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണെന്ന് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും തെളിയിക്കപ്പെട്ടു. വോട്ടുചെയ്ത ലക്ഷക്കണക്കിനാളുകൾ അവർ ആഗ്രഹിച്ച മാറ്റം സമാധാനപരമായി സാധ്യമാക്കി. മുകൾ മുതൽ താഴെത്തട്ടുവരെയുള്ള എല്ലാവർക്കുമുള്ള സന്ദേശമാണ് അവർ നൽകിയത്. തിരഞ്ഞെടുപ്പു ഫലം ഒരു സന്ദേശം ഉൾക്കൊള്ളുന്നതാണ്. അത് എല്ലാവരും മനസ്സിലാക്കിയെന്നു കരുതുന്നു’– ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റിൽ നടന്ന ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് വെങ്കയ്യ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്യാം. അതു വലിയ കാര്യമല്ല. എന്നാൽ മൂല്യങ്ങൾ, താഴേക്കിടയിലുള്ളവർക്കു വേണ്ടിയുള്ള പ്രവർത്തനം, അടിച്ചമർത്തപ്പെട്ടവർക്കും ദുരിതം അനുഭവിക്കുന്നവർക്കും നൽകുന്ന പരിഗണന എന്നിവയൊക്കെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും ജനപ്രിയനാണ്. മൂന്നാം തവണയും അധികാരത്തിലെത്തുക എന്നതു തമാശയല്ല. ലോകം ഇന്ത്യയെ അംഗീകരിക്കാനും ബഹുമാനിക്കാനും തുടങ്ങി. ദാരിദ്ര്യ നിർമാർജനം, സംഘർഷങ്ങൾ കുറയ്ക്കൽ, ഗ്രാമ–നഗര വ്യത്യാസം ഇല്ലാതാക്കൽ എന്നിവയ്ക്കുവേണ്ടി കഠിനമായ പരിശ്രമം തുടരേണ്ടതുണ്ടെന്നും വെങ്കയ്യ പറഞ്ഞു.