തിരുത്തൽ നടപടി ഉടനെന്ന് കോൺഗ്രസ് ; മെച്ചപ്പെടാൻ ഇനിയുമേറെ
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും മുന്നേറാൻ ഇനിയുമേറെയുണ്ടെന്നു കോൺഗ്രസ് പ്രവർത്തക സമിതി വിലയിരുത്തി. ഓരോ മണ്ഡലത്തിലും ബൂത്ത് തലത്തിൽ പാർട്ടിക്കു ലഭിച്ച വോട്ട് കണക്കു വിശദമായി പരിശോധിച്ചു കൂടുതൽ മുന്നേറ്റം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
പാർട്ടിക്കു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിക്കാതിരുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പ്രത്യേക സമിതിയെ നിയോഗിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നു സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു.
പാർട്ടിക്കു ഭരണമുള്ള കർണാടക, തെലങ്കാന, ഹിമാചൽ എന്നിവിടങ്ങളിൽ പിന്നാക്കം പോയതു പരിശോധിക്കും. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ പാർട്ടിയുടെ ഒരുക്കങ്ങൾ വൈകാതെ ആരംഭിക്കും.
ലോക്സഭാ പോരിൽ മുന്നേറ്റമുണ്ടാക്കിയ യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പാർട്ടി ഘടകങ്ങളെ പ്രവർത്തക സമിതി അഭിനന്ദിച്ചു. തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം അഭിനന്ദനാർഹമാണെങ്കിലും ഒരു സീറ്റ് പോലും ലഭിക്കാത്ത ഏതാനും സംസ്ഥാനങ്ങളുണ്ടെന്നും അവിടെ പാർട്ടിയെ കെട്ടിപ്പടുക്കാൻ ഊർജിത ശ്രമം അനിവാര്യമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.