ADVERTISEMENT

ന്യൂഡൽഹി ∙ എല്ലാ ദുരിതവും സഹിച്ചു മകനെ കോളജിൽ വിട്ട കർഷകന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു: എങ്ങനെയും നല്ലൊരു ജോലി. ടെലിഫോൺ എക്സ്ചേഞ്ചിൽ ക്ലാർക്കായി ജോലികിട്ടിയ മകൻ 12 വർഷത്തോളം അവിടെ തുടർന്നു. ഉള്ളിലെ രാഷ്ട്രീയത്തീ ആളാൻ തുടങ്ങിയതോടെ കോൺഗ്രസിൽ ചേർന്നു. പിന്നെ പല രാഷ്ട്രീയ കളങ്ങൾ. ബിഹാറിന്റെ മുഖ്യമന്ത്രിപദവും കടന്ന് ഇപ്പോൾ മൂന്നാം മോദി മന്ത്രിസഭയിൽ കാബിനറ്റ് റാങ്കോടെ തിളങ്ങുന്ന ആ പഴയ ക്ലാർക്കിന്റെ പേര് ജീതൻ റാം മാഞ്ചി.

പൊലീസ് കോൺസ്റ്റബിളായി 14 വർഷം ജോലി ചെയ്ത ശേഷം രാഷ്ട്രീയത്തിലിറങ്ങിയ ആളും മോദിയുടെ പുതിയ കാബിനറ്റിലുണ്ട്: ഗുജറാത്ത് ബിജെപിയുടെ അധ്യക്ഷൻ സി.ആർ.പാട്ടീൽ. 

വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണു മോദിയുടെ പുതിയ മന്ത്രിസഭയിലുള്ളത്. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ സത്യവാങ്മൂലം അനുസരിച്ച് മോദിക്കു ബിരുദാനന്തര ബിരുദമാണു യോഗ്യത. കാബിനറ്റ് മന്ത്രിമാരിൽ 2 പേർ മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥരും 2 പേർ ഐഎഎസ് ഉദ്യോഗസ്ഥരുമാണ്. പ്രമേഹരോഗവിദഗ്ധനായ ഡോ. ജിതേന്ദ്ര സിങ്ങടക്കം 3 പേർ ഡോക്ടർമാരാണ്. ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെ 3 പേർ എംബിഎക്കാരാണ്. ഐഐടി എംടെക്ക് ബിരുദധാരിയടക്കം 3 പേർക്ക് എൻജിനീയറിങ് പശ്ചാത്തലമുണ്ട്. എന്നാൽ, ചിരാഗ് പാസ്വാൻ എൻജിനീയറിങ്ങിനു ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. പ്രഫഷനൽ യോഗ്യതയുള്ളവരിൽ നിയമബിരുദക്കാരാണ് ഏറ്റവും കൂടുതൽ–12 പേർ.

3 പേ‍ർക്ക് ബിഎഡാണ് യോഗ്യത. പീയൂഷ് ഗോയൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. ടൂൾ ഡിസൈനിൽ ഡിപ്ലോമ നേടിയ കിഷൻ റെഡ്ഡിയും ടെക്സ്റ്റൈൽ ടെക്നോളജിയിൽ ഡിപ്ലോമ നേടിയ പബിത്ര മാർഗരീറ്റയും പട്ടികയിലുണ്ട്. 12–ാം ക്ലാസ് മാത്രം യോഗ്യതയുള്ള 9 പേർ പട്ടികയിലുണ്ട്. ബിരുദമാണു പരമാവധി യോഗ്യതയെന്നു വ്യക്തമാക്കിയിട്ടുള്ള 10 പേരുണ്ട്. എംപിയായി വർഷങ്ങൾക്കു ശേഷം 2018–ലാണ് മധ്യപ്രദേശിൽ നിന്നുള്ള സാവിത്രി ഠാക്കൂർ 12–ാം ക്ലാസ് യോഗ്യത നേടിയത്.

English Summary:

From clerks and constables to IFS men in third narendra modi government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com