‘ഭാര്യയെ നഷ്ടപ്പെടാൻ കാരണം ഡ്രൈവറുടെ മനുഷ്യത്വമില്ലായ്മ’
Mail This Article
മുംബൈ∙ അമിതവേഗത്തിൽ പാഞ്ഞ ആഡംബര കാർ ഇടിച്ച് മീൻവിൽപനക്കാരി മരിച്ച സംഭവത്തിൽ കാർ ഓടിച്ച യുവാവ് മനുഷ്യത്വമില്ലാതെയാണു പെരുമാറിയതെന്ന് മരിച്ച സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ഭർത്താവ് പറഞ്ഞു.
‘‘അയാൾ മാനുഷിക പരിഗണന കാണിച്ചിരുന്നെങ്കിൽ എനിക്ക് ഭാര്യയെ നഷ്ടപ്പെടില്ലായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നു കാറിന്റെ ബോണറ്റിലേക്ക് ഞങ്ങളിരുവരും തെറിച്ചുവീണു. വണ്ടി നിർത്താൻ വിളിച്ചുപറഞ്ഞപ്പോൾ വേഗം കൂട്ടി. കുറച്ചു ദൂരം നീങ്ങിയതോടെ ഞാൻ താഴെ വീണു. ബോണറ്റിൽ അള്ളിപ്പിടിച്ചിരുന്ന ഭാര്യയെയും കൊണ്ട് ഏറെ ദൂരം കാർ ഓടി’’– മരിച്ച കാവേരിയുടെ ഭർത്താവ് പ്രദീപ് നാഖ്‌വ പറഞ്ഞു. ദമ്പതികൾ മൊത്തവിപണിയിൽ നിന്നു മീൻ വാങ്ങി പോകുന്നതിനിടെ ഞായറാഴ്ച പുലർച്ചെയാണ് നിയന്ത്രണം വിട്ട ബിഎംഡബ്ല്യൂ കാർ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്
സംഭവസമയത്ത് കാർ ഓടിച്ചിരുന്ന മിഹിർ ഷായ്ക്ക്(24) എതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കി. ഇയാളെ രക്ഷപ്പെടാൻ അനുവദിച്ചെന്ന് ആരോപിച്ച് പിതാവും മുഖ്യമന്ത്രിയുടെ പാർട്ടിയായ ശിവസേന (ഷിൻഡെ വിഭാഗം) നേതാവുമായ രാജേഷ് ഷായെ അറസ്റ്റ് ചെയ്തെങ്കിലും വൈകാതെ ജാമ്യം ലഭിച്ചു. ജുഹുവിലെ ബാറിൽ ശനിയാഴ്ച രാത്രി 11മുതൽ പുലർച്ചെ 1.40 വരെ മിഹിർ ഷാ ഉണ്ടായിരുന്നതായി ബാർ ഉടമ മൊഴി നൽകി. ഡ്രൈവവർ ഒപ്പമുണ്ടായിരുന്നെങ്കിലും ഇയാളാണ് ഓടിച്ചതെന്നാണ് സൂചന. അറസ്റ്റിലായ ഡ്രൈവറെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വീട്ടു. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച കാമുകിയെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
മദ്യപിച്ചാണു മിഹിർ ഷാ വാഹനം ഓടിച്ചതെന്നാണു റിപ്പോർട്ട്. കാറിന്റെ നമ്പർ പ്ലേറ്റും ഗ്ലാസിൽ പതിച്ചിരുന്ന പാർട്ടി പോസ്റ്ററും ഇളക്കി മാറ്റിയ നിലയിലാണ്. പിതാവ് രാജേഷ് ഷായുടെ പേരിലാണ് കാർ. അന്വേഷണത്തിനായി മുംബൈ പൊലീസ് 6 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രതിഷേധം രൂക്ഷമായതോടെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻെഡ വ്യക്തമാക്കി.
ഇതിനിടെ, അമിത വേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് പുണെയിൽ രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടു. പട്രോളിങ്ങിനിറങ്ങിയ പൊലീസുകാർ സഞ്ചരിച്ച ബൈക്കിനു പിന്നിലാണു കാറിടിച്ചത്. മദ്യലഹരിയിലായിരുന്ന കാർ ഡ്രൈവറെ പിന്നീട് പിടികൂടി. പുണെയിൽ മേയ് 19ന് കൗമാരക്കാരൻ ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് ഐടി ജീവനക്കാർ കൊല്ലപ്പെട്ട കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് പൊലീസുകാരും കൊല്ലപ്പെട്ടത്.