ഹിമാചൽ അട്ടിമറി പാളി, ബദരീനാഥും കൈവിട്ടു; ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ഇരട്ടപ്രഹരം
Mail This Article
ന്യൂഡൽഹി ∙ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വന്ന് ഒരു മാസം പിന്നിടുമ്പോൾ ബിജെപിക്ക് ഇരട്ട പ്രഹരമേൽപിച്ച് ഉപതിരഞ്ഞെടുപ്പുകളിൽ ഇന്ത്യാസഖ്യത്തിന്റെ മുന്നേറ്റം. 7 സംസ്ഥാനങ്ങളിലെ 13 സീറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പത്തെണ്ണം നേടിയ ഇന്ത്യാസഖ്യം, ദേശീയതലത്തിൽ ബിജെപിയുടെ ശക്തി ക്ഷയിക്കുന്നതിന്റെ സൂചനയായി അതിനെ ചിത്രീകരിച്ചു രംഗത്തിറങ്ങി. കൂറുമാറ്റത്തിലൂടെ ഹിമാചൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമം പൂർണമായി പരാജയപ്പെടുത്തുന്നതായി ഉപതിരഞ്ഞെടുപ്പുഫലം. ഉത്തരാഖണ്ഡിലെ ബദരീനാഥ് കോൺഗ്രസിൽനിന്നു പിടിച്ചെടുക്കാനുള്ള ശ്രമവും പാളി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ അയോധ്യയുൾപ്പെട്ട ഫൈസാബാദിൽ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ സമാജ്‌വാദി പാർട്ടി നേടിയ വിജയത്തിനു സമാനമായ പ്രാധാന്യമാണു ഉത്തരാഖണ്ഡിലെ ബദരീനാഥിലെ വിജയത്തിനും കോൺഗ്രസ് നൽകുന്നത്. ബദരീനാഥിൽ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയായിരുന്ന രാജേന്ദ്ര ഭണ്ഡാരി രാജിവച്ചു ബിജെപിയിൽ ചേർന്നതോടെയാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. ഇവിടെ കോൺഗ്രസിന്റെ പുതുമുഖം ലഖാപത് ബുട്ടോല 5224 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ഭണ്ഡാരിയെ തോൽപിച്ചത്.
ഉത്തരാഖണ്ഡ്, ഹിമാചൽ എന്നിവിടങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ നേർക്കുനേർ പോരാട്ടത്തിനു വഴിയൊരുക്കി ഇന്ത്യാസഖ്യത്തിലെ മറ്റു കക്ഷികൾ സ്ഥാനാർഥികളെ നിർത്തിയില്ല. ബിജെപി വിരുദ്ധ വോട്ടുകൾ ഒന്നിച്ചപ്പോൾ, ഇരുസംസ്ഥാനങ്ങളിലുമായുള്ള 5 സീറ്റിൽ നാലിടത്തും കോൺഗ്രസ് ജയിച്ചു.
ഹിമാചലിൽ 2 സീറ്റ് ജയിച്ചതോടെ കോൺഗ്രസിന്റെ അംഗബലം വീണ്ടും 40 ആയി ഉയർന്നു. എംഎൽഎ സ്ഥാനം രാജിവച്ച് ബിജെപിക്കൊപ്പം മത്സരിച്ച 2 സ്വതന്ത്രരും തോറ്റു. അധികാരം പിടിക്കാൻ ബിജെപി കിണഞ്ഞു ശ്രമിക്കുന്നതിനിടെയുള്ള വിജയം കോൺഗ്രസ് സർക്കാരിന് ആശ്വാസം പകരും. 35 ആണ് ഇവിടെ കേവല ഭൂരിപക്ഷത്തിനാവശ്യം.
യുവനേതാവ് വിക്രമാദിത്യ സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം ഉൾപ്പോരിനു തൽക്കാലം വിരാമമിടാനും മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാനും ഈ ഫലം സുഖ്‌വിന്ദർ സിങ് സുഖുവിനെ സഹായിക്കും. ദേറ മണ്ഡലത്തിൽ ഭാര്യ കമലേഷ് ജയിച്ചതും സുഖുവിനു നേട്ടമായി.
ബംഗാളിൽ തിരഞ്ഞെടുപ്പ് നടന്ന 4 സീറ്റിലും വിജയിച്ചതിലൂടെ സംസ്ഥാനത്തെ പ്രതാപം തൃണമൂലും മുഖ്യമന്ത്രി മമത ബാനർജിയും അരക്കിട്ടുറപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അടിതെറ്റി വീണതിനു പിന്നാലെ ഉപതിരഞ്ഞെടുപ്പിലും നേരിട്ട തോൽവി ബിജെപിക്കു ക്ഷീണമായി. സിപിഎം – കോൺഗ്രസ് കൂട്ടുകെട്ടു നാലിടത്തും സ്ഥാനാർഥികളെ നിർത്തിയെങ്കിലും തൃണമൂലിനെ ബാധിച്ചില്ല. ഇതോടെ നിയമസഭയിൽ തൃണമൂൽ അംഗസംഖ്യ 229 ആയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടിയ ബിജെപിക്ക് ഇപ്പോൾ 63 അംഗങ്ങൾ മാത്രമാണുള്ളത്. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിലേക്കു നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, വിവിധ സംസ്ഥാനങ്ങളിൽ നേടിയ വിജയം കോൺഗ്രസിന് ഊർജം പകരും.