ADVERTISEMENT

ന്യൂഡൽഹി ∙ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയിൽ മേയ് 4നു മു‍ൻപു തന്നെ ചോദ്യപ്പേപ്പർ ചോർന്നതായി അന്വേഷണം നടത്തിയ ബിഹാർ പൊലീസ് സൂചിപ്പിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി സ്ഥിരീകരിച്ചു. പരീക്ഷ നടന്ന മേയ് 5നാണ് ചോദ്യപ്പേപ്പർ ചോർന്നതെന്നു കേന്ദ്രം ആവർത്തിച്ചു വാദിക്കുന്നതിനിടെയാണിത്. ഹർജികളിൽ ഇന്നും വാദം തുടരും. 

കേസ് സിബിഐ ഏറ്റെടുക്കും മുൻപ് ബിഹാർ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സുപ്രീം കോടതി തേടിയിരുന്നു. ഹർജിക്കാരുടെ അഭിഭാഷകനാണ് ചോദ്യപ്പേപ്പർ നേരത്തേ ചോർന്നുവെന്ന് ആരോപിച്ചത്. തുടർന്നു രേഖകൾ പരിശോധിച്ച ചീഫ് ജസ്റ്റിസ് ഡി.ൈവ.ചന്ദ്രചൂഡ് അക്കാര്യം സ്ഥിരീകരിച്ചു. 

പരീക്ഷയുടെ തലേന്നു രാത്രി തന്നെ ഉത്തരങ്ങൾ മനഃപാഠമാക്കാ‍ൻ ശ്രമിച്ചിരുന്നുവെന്ന ആരോപണവിധേയരുടെ മൊഴി ബിഹാർ പൊലീസ് രേഖപ്പെടുത്തിയിരുന്നു. 4 പേരെയാണ് പൊലീസ് കേസിൽ അറസ്റ്റ് ചെയ്തിരുന്നത്. 

വിദ്യാർഥികൾക്ക് 4ന് തന്നെ ലഭിച്ചിട്ടുണ്ടെങ്കിൽ ചോദ്യപ്പേപ്പറുകൾ കൊണ്ടുപോകുമ്പോഴോ ബാങ്ക് ലോക്കറിൽ വച്ചോ ആയിരിക്കില്ല ചോർന്നത്. അതിനാൽ ചോർച്ചയുടെ വ്യാപ്തി അറിയാൻ ഇത് എവിടെയെല്ലാം ലഭിച്ചുവെന്നു കൂടി വ്യക്തമാകണമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. പരീക്ഷയിലെ രണ്ടാം സെറ്റ് (കനറ ബാങ്കിൽ സൂക്ഷിച്ചിരുന്നത്) ചോദ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങളും കോടതി തേടി. പുനഃപരീക്ഷ ആവശ്യപ്പെടുന്നവരുടെ മറ്റു വാദങ്ങൾ രേഖാമൂലം നൽകാൻ നിർദേശിച്ചു.

2 ശരിയുത്തരം: ഐഐടി റിപ്പോർട്ട്  ഇന്ന് നൽകണം

ന്യൂഡൽഹി ∙ നീറ്റ് യുജി പരീക്ഷയിലെ 19–ാം ചോദ്യത്തിന്, 2 ഓപ്ഷനുകൾ ശരിയുത്തരമായി കണക്കാക്കി മാർക്ക് നൽകേണ്ടി വന്നതിനാൽ, സുപ്രീം കോടതി ഡൽഹി ഐഐടിയുടെ റിപ്പോർട്ട് തേടി. ഈ ചോദ്യത്തിന്റെ ശരിയായ ഉത്തരം എന്താണെന്ന് അഭിപ്രായമറിയിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിക്കാൻ ഐഐടി ഡയറക്ടറോടു കോടതി നിർദേശിച്ചു. ഇന്നു 12ന് മുൻപായി മറുപടി നൽകണം.

English Summary:

Supreme court rejects central government's argument on NEET UG case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com