യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായേക്കുമെന്ന പ്രതീക്ഷ; കമലയ്ക്കു വേണ്ടി പ്രാർഥനയോടെ തുളസേന്ദ്രപുരം
Mail This Article
ചെന്നൈ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായേക്കുമെന്ന പ്രതീക്ഷകൾക്കിടെ, മുത്തച്ഛൻ പി.വി.ഗോപാലന്റെ നാടായ മന്നാർഗുഡി തുളസേന്ദ്രപുരം ഗ്രാമത്തിൽ പ്രത്യേക പ്രാർഥന നടത്തി.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചപ്പോഴും ധർമശാസ്താ ക്ഷേത്രത്തിൽ പൂജയും അന്നദാനവും നടന്നിരുന്നു. കമലയുടെ കുടുംബത്തിന്റെ കൂടി സഹായത്തോടെയാണു ക്ഷേത്രം നിർമിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ഗോപാലൻ വിരമിച്ച ശേഷം കുടുംബത്തോടൊപ്പം ചെന്നൈ ബസന്റ് നഗറിലേക്കു താമസം മാറിയിരുന്നു.
കലിഫോർണിയ അറ്റോണി ജനറൽ സ്ഥാനത്തേക്കും സെനറ്റിലേക്കും മത്സരിച്ചപ്പോൾ കമലയുടെ ആഗ്രഹപ്രകാരം അമ്മ ശ്യാമളയുടെ ഇളയ സഹോദരി സരള ബസന്റ് നഗറിലെ വരസിദ്ധി വിനായക ക്ഷേത്രത്തിൽ 108 നാളികേരമുടച്ചു പ്രാർഥിച്ചിരുന്നു. 1998 ൽ ഗോപാലൻ മരിക്കുന്നതുവരെ, അമ്മയ്ക്കൊപ്പം കമല ചെന്നൈ സന്ദർശിച്ചിരുന്നു. ശ്യാമള മരിച്ചപ്പോൾ ചിതാഭസ്മം നിമജ്ജനം ചെയ്യാനും എത്തി.