കാർഷികമേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപ
Mail This Article
ന്യൂഡൽഹി ∙ ചെമ്മീൻകൃഷി പ്രോൽസാഹിപ്പിക്കാൻ കേന്ദ്ര സഹായമെത്തും. ചെമ്മീൻ വളർത്തൽ കേന്ദ്രങ്ങൾ സജ്ജമാക്കാൻ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ചെമ്മീൻ കൃഷി, സംസ്കരണം, കയറ്റുമതി എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം നബാർഡ് വഴി ലഭ്യമാക്കും. കേരളത്തിലടക്കമുള്ള ചെമ്മീൻ കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണു വിലയിരുത്തൽ.
കാർഷികമേഖലയ്ക്ക് ആകെ 1.52 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തി. ഉയർന്ന വിളവുള്ളതും കാലാവസ്ഥാ വ്യതിയാനം നേരിടാൻ കെൽപുള്ളതുമായ വിളകൾ വികസിപ്പിക്കുന്നതിനാവശ്യമായ ഗവേഷണം ഊർജിതമാക്കും. ഉയർന്ന വിളവുള്ള 109 ഇനം വിളകൾ ലഭ്യമാക്കും. കർഷകരുടെയും കൃഷിഭൂമിയുടെയും വിവരങ്ങൾ 3 വർഷത്തിനകം ഡിജിറ്റൽ രൂപത്തിലാക്കും. 6 കോടി കർഷകരുടെ വിവരങ്ങളാണ് ഡിജിറ്റലാക്കുക.
2 വർഷത്തിനകം ഒരു കോടി കർഷകരെ പ്രകൃതികൃഷിയുടെ ഭാഗമാക്കും. ഗ്രാമപഞ്ചായത്തുകളും കാർഷിക സ്ഥാപനങ്ങളും വഴി ഇതിനു പരിശീലനം നൽകും. പയറുവർഗങ്ങൾ, എണ്ണക്കുരു എന്നിവയുടെ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമം ഊർജിതമാക്കും. പച്ചക്കറി ഉൽപാദന മേഖലയിലുള്ള സഹകരണ സംഘങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയെ പ്രോത്സാഹിപ്പിക്കും. കൃഷിയുമായി ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങളുടെ വികസനത്തിനായി സമഗ്രനയം തയാറാക്കും.
കാർഷികമേഖലയ്ക്ക് അവഗണന: മന്ത്രി പി.പ്രസാദ്
ശത്രുരാജ്യത്തെപ്പോലെയാണു കേരളത്തെ കാണുന്നത്. ഒരു മന്ത്രിയുണ്ടായപ്പോൾ കേരളം ഏറെ പ്രതീക്ഷിച്ചിരുന്നു. കാർഷിക മേഖലയെ അവഗണിച്ചു. വളം സബ്സിഡി വെട്ടിക്കുറച്ചു.
വലിയ തോതിൽ വളം വില ഉയരും. വിളനാശം, പ്രകൃതിദുരന്തങ്ങൾ മൂലമുള്ള കൃഷിനാശത്തിനു സഹായമില്ല. മോദിയെ താങ്ങിനിർത്തുക എന്നതിനപ്പുറം ബജറ്റിൽ ഒന്നുമില്ല.