3 അർബുദ മരുന്നുകൾക്ക് വില കുറയും, പക്ഷേ...
Mail This Article
ന്യൂഡൽഹി ∙ അർബുദ ചികിത്സയ്ക്കുള്ള 3 മരുന്നുകളുടെ വില കുറയും. ട്രസ്റ്റുസുമാബ് ഡെറുക്സിറ്റികാൻ, ഓസിമെർറ്റിനിബ്, ഡുർവാലുമാബ് എന്നീ മരുന്നുകളുടെ 10% കസ്റ്റംസ് തീരുവ ഒഴിവാക്കിയതോടെയാണിത്. എങ്കിലും 3 മരുന്നിന്റെയും തീവില കാരണം സാധാരണക്കാർക്കു പ്രയോജനമില്ല.
ട്രസ്റ്റുസുമാബ് ഡെറുക്സിറ്റികാൻ പൊതുവേ സ്തനാർബുദ ചികിത്സയിൽ ഉപയോഗിക്കുന്ന ഇഞ്ചക്‌ഷനാണ്. ഉദരാശയ കാൻസറിനും ഉപയോഗിക്കുന്നു. അസ്ട്രാസെനക്കയുടെ ഇഞ്ചക്‌ഷൻ വയലിന് (100 മില്ലിഗ്രാം) 3 ലക്ഷം രൂപ വരെ വിലയുണ്ട്.
പലതരം കാൻസറുകളുടെ ചികിത്സയിൽ ഉപയോഗിക്കുമെങ്കിലും ശ്വാസകോശ കാൻസറിലാണ് ഓസിമെർറ്റിനിബ് ഗുളിക പ്രധാനമായും ഉപയോഗിക്കുന്നത്. 10 എണ്ണമുള്ള സ്ട്രിപ്പിന് (80 മില്ലിഗ്രാം) ഒരു ലക്ഷത്തിനു മുകളിലാണ് വില. ഡുർവാലുമാബ് എന്ന ഇമ്യൂണോതെറപ്പി മരുന്ന് പലതരം കാൻസർ രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവരിൽ ഉപയോഗിക്കാറുണ്ട്. 120 മില്ലിഗ്രാം വയലിന് 2 ലക്ഷം രൂപ വരെയാണു വില.
ആരോഗ്യ മന്ത്രാലയത്തിന് വമ്പൻ പദ്ധതികളില്ല
ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ നേരിട്ടു നടപ്പാക്കുന്ന വമ്പൻ പദ്ധതി പ്രഖ്യാപിക്കുന്ന രീതി ഇക്കുറി ധനമന്ത്രി നിർമല സീതാരാമൻ ഒഴിവാക്കി. ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ ആരോഗ്യമന്ത്രിയായതിനാൽ കാര്യമായ പദ്ധതികളുണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അതേസമയം, മന്ത്രാലയത്തിനുള്ള ആകെ വിഹിതം 90,958 കോടി രൂപയാക്കി. 2023–24 ൽ 80,517 കോടിയായിരുന്നു.