പുതുച്ചേരിയിൽ തർക്കം രൂക്ഷം; 7 എംഎൽഎമാർ ഡൽഹിയിൽ
Mail This Article
ചെന്നൈ ∙ പുതുച്ചേരി എൻഡിഎയിൽ ഉൾപ്പോരു കനത്തതോടെ, സർക്കാരിനെതിരെയുള്ള കുറ്റപത്രവുമായി ഭരണകക്ഷി എംഎൽഎമാരും സ്വതന്ത്രരും അടക്കം 7 പേർ വീണ്ടും ഡൽഹിയിലെത്തി. കേന്ദ്രമന്ത്രി അമിത്ഷായോടു പരാതിപ്പെടാനാണു നീക്കം. 3 ബിജെപി എംഎൽഎമാരും ബിജെപിയെ പിന്തുണയ്ക്കുന്ന 3 സ്വതന്ത്രരും സർക്കാർ നാമനിർദേശം ചെയ്തയാളും സംഘത്തിലുണ്ട്.
ഭരണത്തിന്റെ തുടക്കം മുതൽ മുഖ്യമന്ത്രി എൻ.രംഗസാമിയുടെ എൻആർ കോൺഗ്രസും ബിജെപിയും തമ്മിൽ തുടരുന്ന ശീതയുദ്ധമാണു പരസ്യമായത്. ബോർഡ് പ്രസിഡന്റ്, മന്ത്രി സ്ഥാനങ്ങൾ ബിജെപി എംഎൽഎമാർ ആവശ്യപ്പെട്ടെങ്കിലും തീരുമാനം ഉണ്ടാകാത്തതും ആഭ്യന്തര മന്ത്രിയായിരുന്ന എ.നമശിവായം ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ തോൽവി നേരിട്ടതുമാണു പൊട്ടിത്തെറിക്കു കാരണം.
ഗവർണർ സി.പി.രാധാകൃഷ്ണനെ നേരിൽ കണ്ട സംഘം സർക്കാരിനെതിരെ അഴിമതി ആരോപണങ്ങളും ഉയർത്തി. ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, പുതുച്ചേരിയുടെ ചുമതലയുള്ള നിർമൽകുമാർ സുരാന എന്നിവർ ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ല.
3 നോമിനേറ്റഡ് അംഗങ്ങൾ അടക്കം 33 പേരാണു നിയമസഭയിലുള്ളത്. എൻഡിഎയിൽ എൻആർ കോൺഗ്രസിന് 10, ബിജെപിക്ക് 6 എന്നിങ്ങനെ അംഗങ്ങളുണ്ട്. 6 സ്വതന്ത്രരും എൻഡിഎയെ പിന്തുണയ്ക്കുന്നു.