ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഭാഗമായ ബോർഡർ ആക്‌ഷൻ ടീമിന്റെ (ബാറ്റ്) പിന്തുണയോടെ നടത്തിയ നുഴഞ്ഞുകയറ്റശ്രമം ഇന്ത്യൻ സേന തകർത്തു. നുഴഞ്ഞുകയറ്റ സംഘത്തിലെ പാക്ക് പൗരനെ വധിച്ചു. ഏറ്റുമുട്ടലിൽ ജൂനിയർ കമ്മിഷൻഡ് ഓഫിസർ മോഹിത് റാത്തൗഡ് വീരമൃത്യു വരിച്ചു. ക്യാപ്റ്റൻ അടക്കം 4 സൈനികർക്കു പരുക്കേറ്റു. 2021ലെ ഇന്ത്യ–പാക്ക് വെടിനിർത്തൽ കരാറിനുശേഷം ‘ബാറ്റ്’ നടത്തുന്ന ആദ്യ ആക്രമണമാണിത്.

കഴിഞ്ഞദിവസത്തെ കാർഗിൽ വിജയ വാർഷികച്ചടങ്ങിൽ, അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ താക്കീതു നൽകിയതിനു പിന്നാലെയാണു പാക്ക് കടന്നാക്രമണം. ഇന്നലെ പുലർച്ചെയ്ക്കുമുൻപേ നടത്തിയ ആക്രമണത്തിൽ നിയന്ത്രണരേഖയിലെ കംകാരി സെക്ടറിലെ ആർമി പോസ്റ്റാണ് ‘ബാറ്റ്’ ലക്ഷ്യമിട്ടത്. ഗുരുതരമായി പരുക്കേറ്റ ജെസിഒ റാത്തൗഡ് ആശുപത്രിയിലാണു മരിച്ചത്.

image-2345

കടുത്ത മഞ്ഞിന്റെ മറവിലായിരുന്നു പാക്ക് ആക്രമണം. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതോടെ 3 നുഴഞ്ഞുകയറ്റക്കാർ പാക്ക് അധിനിവേശ കശ്മീരിലേക്കു കടന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഭീകരാക്രമണങ്ങൾ വർധിച്ചതോടെ മേഖലയിൽ സൈനികവിന്യാസം ശക്തമാക്കിയിട്ടുണ്ട്. ഒ‍ഡീഷയിൽനിന്ന് 2000 ബിഎസ്എഫ് ഭടന്മാരെക്കൂടി ജമ്മുവിലേക്ക് അയയ്ക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. സമീപമാസങ്ങളിലായി ജമ്മുവിലെ രജൗരി, പൂഞ്ച്, കഠ്‌വ, റീസി, ദോഡ മേഖലകളിൽ നടന്ന ഭീകരാക്രമണങ്ങളിൽ 11 സൈനികരാണു വീരമൃത്യു വരിച്ചത്. ദോഡയിലും കഠ്‌വയിലും സുരക്ഷാസേനയുടെ തിരിച്ചടിയിൽ 10 ഭീകരരും കൊല്ലപ്പെട്ടിരുന്നു.

ബാറ്റ്: പാക്ക് അട്ടിമറിസംഘം

ബോർഡർ ആക്‌ഷൻ ടീം എന്നത് പാക്ക് സൈന്യത്തിന്റെ സ്പെഷൽ ഫോഴ്സ് കമാൻഡോകളും അതിർത്തിയിലെ  പൗരന്മാരും ചേർന്നുള്ള അട്ടിമറിസംഘമാണ്. അതിർത്തി കടന്ന് ഇന്ത്യൻ സൈനിക പോസ്റ്റുകൾ തകർക്കുക, നുഴഞ്ഞുകയറ്റക്കാരെ കടത്തിവിടുക തുടങ്ങിയവയാണ് ഇവരുടെ ലക്ഷ്യം.

3 ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ജമ്മുവിലെ ദോഡയിൽ ആക്രമണം നടത്തിയ 3 ഭീകരരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഈ മാസം 16നു ദേസ വനമേഖലയിൽ ഭീകരരുമായുണ്ടായ വെടിവയ്പിൽ ആർമി ക്യാപ്റ്റൻ അടക്കം 3 സൈനികരാണു വീരമൃത്യു വരിച്ചത്. ആക്രമണത്തിനുശേഷം കടന്നുകളഞ്ഞ ഭീകരർ ഇപ്പോഴും വനത്തിലുണ്ടെന്നാണു കരുതുന്നത്.

ഭീകരരുടെ രേഖാചിത്രം
ഭീകരരുടെ രേഖാചിത്രം
English Summary:

Pakistan violated Kashmir ceasefire agreement; Soldier Martyred

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com