സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ അപകടം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി
Mail This Article
ന്യൂഡൽഹി ∙ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ മലയാളി നെവിൽ ഡാൽവിൻ ഉൾപ്പെടെ 3 വിദ്യാർഥികൾ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച കേസ് സിബിഐക്ക് കൈമാറാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കാൻ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ പേര് നിർദേശിക്കാൻ കേന്ദ്ര വിജിലൻസ് കമ്മിഷനോടും നിർദേശിച്ചു.
പൊലീസിനെ നിശിതമായി വിമർശിച്ച കോടതി സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി അപകടത്തിനു കാരണമായിട്ടുണ്ടെന്നും കേസിന്റെ ഗൗരവം പരിഗണിച്ചു സിബിഐയെ ഏൽപ്പിക്കുകയാണെന്നും പറഞ്ഞു. അന്വേഷണം ഉന്നതതല സമിതിയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ‘കുടുംബ്’ ട്രസ്റ്റ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. കഴിഞ്ഞ 27നാണ് രജീന്ദർ നഗറിലെ റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിളിന്റെ ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലേക്ക് മഴവെള്ളം ഇരച്ചുകയറിയുണ്ടായ അപകടത്തിൽ കാലടി നീലൂർ സ്വദേശി നെവിൽ ഡാൽവിൻ അടക്കമുള്ളവർ മരിച്ചത്.
പ്രളയത്തിനിടെ റോഡിലൂടെ വാഹനമോടിച്ചതുകൊണ്ടാണ് ബേസ്മെന്റിൽ വെള്ളംകയറിയതെന്ന് ആരോപിച്ച് ഡ്രൈവറെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ കോടതി വിമർശിച്ചു. ‘വാഹനമോടിച്ചു പോയ വ്യക്തിയെ നിങ്ങൾ അറസ്റ്റ് ചെയ്തു. ബേസ്മെന്റിലേക്ക് ഇരച്ചുകയറിയ മഴവെള്ളത്തോട്, എങ്ങനെയാണ് ഇങ്ങോട്ടു വന്നതെന്ന് ചോദ്യംചെയ്യാനോ പിഴ ചുമത്താനോ മുതിരാതിരുന്നത് തന്നെ ഭാഗ്യം’– ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരുടെ ബെഞ്ച് പരിഹസിച്ചു.