ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി പദം രാജിവച്ച് ബംഗ്ലദേശിൽനിന്ന് ഇന്ത്യയിലേക്ക് പറന്ന ഷെയ്ഖ് ഹസീനയുടെ സഞ്ചാരപഥം സാധാരണക്കാർ പോലുമറിഞ്ഞത് ‘ഫ്ലൈറ്റ്‍റഡാർ24’ എന്ന ആപ് വഴിയാണ്. 50,000ലേറെപ്പേരാണ് ബംഗ്ലദേശ് എയർഫോഴ്സിന്റെ സി–130ജെ എന്ന വിമാനത്തെ തത്സമയം ട്രാക്ക് ചെയ്തത്.

ലോകമാകെ പറക്കുന്ന വിമാനങ്ങളുടെ നാവിഗേഷൻ ഡേറ്റ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ട്രാക്കിങ് സേവനങ്ങളിലൊന്നാണ് 'ഫ്ലൈറ്റ്റഡാർ24' (Flightradar24). വിമാനങ്ങളുടെ തത്സമയ യാത്രാപഥം, ഉയരം, വേഗം, റൂട്ട് അടക്കം ആപ്പിലും വെബ്സൈറ്റിലും കാണാം. ആപ് തുറന്ന് ജിപിഎസ് ഓൺ ആക്കിയാൽ നമ്മുടെ തലയ്ക്കു മീതെ വിമാനങ്ങൾ നീങ്ങുന്നത് കാണാം. അതിൽ ടാപ് ചെയ്താൽ ഉയരം, പുറപ്പെട്ട സമയം, എത്തുമെന്ന് പ്രതീക്ഷിക്കുന്ന സമയം ഉൾപ്പെടെ അറിയാം. ഫ്ലൈറ്റ് നമ്പർ, റൂട്ട്, രാജ്യം അടക്കം അനുസരിച്ചു വിമാനങ്ങൾ സേർച് ചെയ്യാം.

പ്രവർത്തനം ഇങ്ങനെ

വിമാനങ്ങളിലെ എഡിഎസ്–ബി (ഓട്ടോമാറ്റിക് ഡിപ്പൻഡന്റ് സർവെയിലൻസ്–ബ്രോ‍ഡ്കാസ്റ്റ്) ട്രാൻസ്പോണ്ടറിൽ നിന്നുള്ള തത്സമയവിവരങ്ങളുപയോഗിച്ചാണിതു പ്രവർത്തിക്കുന്നത്. ഇതിനു പുറമേ ഉപഗ്രഹ, റഡാർ ഡേറ്റയും ഉപയോഗപ്പെടുത്തും. വിമാനത്തിന്റെ ഉയരം, വേഗം, ജിപിഎസ് ലൊക്കേഷൻ, കോൾ സൈൻ എന്നിവ നിശ്ചിത റേഡിയോ ഫ്രീക്വൻസിയിൽ ട്രാൻസ്പോണ്ടർ വിനിമയം ചെയ്യും. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 40,000 റിസീവറുകൾ സ്വീകരിക്കും.

എല്ലാ വിമാനവും കാണുമോ?

പൊതുവേ യാത്രാവിമാനങ്ങളാണ് ട്രാൻസ്പോണ്ടർ വിവരങ്ങൾ ലഭ്യമാക്കുന്നത്. മിലിറ്ററി, വിഐപി വിമാനങ്ങൾ ട്രാൻസ്പോണ്ടർ ഓഫ് ചെയ്തായിരിക്കും യാത്ര.  ട്രാക്കിങ് വിവരങ്ങൾ പുറത്തുവിടുന്നതു തടയാനായി യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന് ലിമിറ്റിങ് എയർക്രാഫ്റ്റ് ഡേറ്റ ഡിസ്പ്ലേയ്ഡ് (LADD) എന്ന ബ്ലോക്കിങ് ലിസ്റ്റ് ഉണ്ട്. ഈ ലിസ്റ്റിലുള്ള വിമാനങ്ങൾ ഫ്ലൈറ്റ്‍റഡാർ24 കാണിക്കാറില്ല..

English Summary:

Flightradar24 app to track flight path

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com