ADVERTISEMENT

ന്യൂഡൽഹി ∙ റജിസ്റ്റർ ചെയ്യുന്നതല്ലാതെ കേസുകൾ ലക്ഷ്യത്തിലെത്തിക്കാൻ എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റിന് (ഇ.ഡി) കഴിയുന്നില്ലെന്ന് സുപ്രീം കോടതിയുടെ വിമർശനം. കഴിഞ്ഞ 10 വർഷത്തിനിടെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) അനുസരിച്ച് റജിസ്റ്റർ ചെയ്ത 5000 കേസുകളിൽ 40 എണ്ണത്തിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം ശാസ്ത്രീയവും മികവുള്ളതാക്കാനാണ് ഇ.ഡി ശ്രദ്ധിക്കേണ്ടതെന്നു ജസ്റ്റിസ് സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു. 

കൽക്കരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം തേടി ഛത്തീസ്ഗഡ് വ്യവസായി സുനിൽ കുമാർ അഗർവാൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 

പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കരുതിയാണ് ഇ.ഡി കേസെടുക്കുന്നത്. അതു കോടതിയിൽ തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയണം. അതിനു ശാസ്ത്രീയ അന്വേഷണം നടത്തണം. അല്ലാതെ ഏതാനും മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രമാകരുത്. മൊഴി തരുന്നവർ നാളെ വിചാരണക്കൂട്ടിൽ നിൽക്കുമ്പോൾ അതിൽ ഉറച്ചു നിൽക്കുമോ മാറ്റിപ്പറയുമോ എന്ന കാര്യം ദൈവത്തിനു മാത്രമേ അറിയുവെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. എന്നാൽ, മൊഴിയും തെളിവാണെന്നായിരുന്നു ഇ.ഡിയുടെ മറുപടി. 

ഇ.ഡിയുടെ അധികാരം: പുനഃപരിശോധനാ വാദം 28ലേക്ക് മാറ്റി 

ന്യൂഡൽഹി ∙ തയാറെടുക്കാൻ സമയം കിട്ടിയിട്ടില്ലെന്ന ഇ.ഡിയുടെ അഭ്യർഥന കണക്കിലെടുത്ത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ ശരിവച്ച വിധി പുനഃപരിശോധിക്കണമെന്ന ഹർജി 28നു പരിഗണിക്കാനായി മാറ്റി. ഇന്നലെ ജഡ്ജിമാരായ സൂര്യകാന്ത്, സി.ടി. രവികുമാർ, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചിലാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. രാത്രി 9നു ശേഷമാണ് ഹർജികൾ ലിസ്റ്റ് ചെയ്തതെന്നു വാദം കേൾക്കാൻ തുടങ്ങിയപ്പോഴേ ഇ.ഡിക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. തയാറെടുപ്പിന് കുറച്ചു സാവകാശം അനുവദിക്കണമെന്നും അഭ്യർഥിച്ചു. തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.

English Summary:

Supreme Court slams over ED

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com