വഖഫ് നിയമഭേദഗതി ബിൽ ഇന്നു ലോക്സഭയിൽ
Mail This Article
ന്യൂഡൽഹി ∙ വഖഫ് നിയമഭേദഗതി ബിൽ കേന്ദ്ര സർക്കാർ ഇന്നു ലോക്സഭയിൽ അവതരിപ്പിക്കും. ബില്ലിനെ ശക്തമായി എതിർക്കാനാണ് ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. ബില്ലിൽ വിശദ പരിശോധന വേണ്ടതിനാൽ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിടണമെന്ന് ഇന്നു സഭയിൽ ആവശ്യപ്പെടും. സഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകൾ സംബന്ധിച്ചു തീരുമാനമെടുക്കാൻ ഇന്നലെ ചേർന്ന കാര്യോപദേശക സമിതി യോഗത്തിലാണ് വഖഫ് ബിൽ അവതരിപ്പിക്കാനുള്ള തീരുമാനം കേന്ദ്രം അറിയിച്ചത്.
ബിൽ ധൃതി പിടിച്ച് അവതരിപ്പിക്കരുതെന്നും സ്റ്റാൻഡിങ് കമ്മിറ്റിക്കു വിടണമെന്നും പ്രതിപക്ഷാംഗങ്ങളായ കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗൊഗോയ് (കോൺഗ്രസ്), സുദീപ് ബന്ദോപാധ്യായ (തൃണമൂൽ), സുപ്രിയ സുളെ (എൻസിപി) തുടങ്ങിയവർ ആവശ്യപ്പെട്ടു.
ബിൽ അവതരിപ്പിച്ച ശേഷം ഇക്കാര്യം പരിഗണിക്കാമെന്നു പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ബിൽ അവതരിപ്പിക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, കെ.നവാസ് ഖനി എന്നിവർ ലോക്സഭയിൽ നോട്ടിസ് നൽകി. വഖഫ് സംവിധാനത്തിന്റെ അന്തഃസത്ത തകർക്കുന്നതാണ് ബിൽ എന്നാണ് ലീഗിന്റെ ആരോപണം.