ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽപ്രദേശിൽ ബിജെപി നടത്തിയ കരുനീക്കത്തിനൊപ്പം ഭാഗ്യവും കൈവിട്ടതോടെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയ അഭിഷേക് മനു സിങ്‌വിയെ തെലങ്കാനയിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 3നാണ് ഉപതിരഞ്ഞെടുപ്പ്. തെലങ്കാനയിൽ നിന്നുള്ള ബിആർഎസ് എംപിയായിരുന്ന കെ.കേശവറാവു രാജിവച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് തിരഞ്ഞെടുപ്പ്. തെലങ്കാന നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം കോൺഗ്രസിനുള്ളതിനാൽ വിജയത്തിൽ സംശയമില്ല.

ഹിമാചൽ നിയമസഭയിൽ കോൺഗ്രസിന് 40 അംഗങ്ങളുണ്ടായിരിക്കെ, കേന്ദ്ര നേതൃത്വത്തിനുൾപ്പെടെ ഞെട്ടലായിരുന്നു മുതിർന്ന അഭിഭാഷകൻ കൂടിയായ സിങ്‌വിയുടെ തോൽവി. കെട്ടിയിറക്കിയ സ്ഥാനാർഥി പരിവേഷവുമായി ഹിമാചലിൽ എത്തിയ സിങ്‌വിക്കെതിരെ അതൃപ്തരായ 6 കോൺഗ്രസ് അംഗങ്ങളെയും 3 സ്വതന്ത്ര എംഎൽഎമാരെയും കൂട്ടുപിടിച്ചായിരുന്നു ബിജെപി നീക്കം.

ബിജെപിയിലെ ഹർഷ് മഹാജനും സിങ്‌വിക്കും 34 വീതം വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പിലാണ് സിങ്‌വി തോറ്റത്. ഈ ക്ഷീണം പരിഹരിക്കാനും രാജ്യസഭയിൽ സിങ്‌വിയുടെ സാന്നിധ്യം ഉറപ്പാക്കാനുമാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ കൂടി സഹായത്തോടെയുള്ള ഹൈക്കമാൻഡ് നീക്കം. 

ലോക്സഭയിലേക്കു ജയിച്ച കെ.സി. വേണുഗോപാലും ദീപേന്ദർ ഹൂഡയും അംഗത്വം രാജിവച്ചതോടെ രാജ്യസഭയിൽ കോൺഗ്രസിന്റെ അംഗബലം 26 ആയി കുറഞ്ഞിരുന്നു. സിങ്‌വി ജയിച്ചെത്തിയാൽ ഇത് 27 ആകും. രാജ്യസഭയിൽ മല്ലികാർജുൻ ഖർഗെയ്ക്കു പ്രതിപക്ഷ നേതൃസ്ഥാനം നിലനിർത്താൻ 26 പേർ വേണം.

English Summary:

Abhishek Singhvi who lost in Himachal is candidate in Telangana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com