ADVERTISEMENT

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിൽ കോൺഗ്രസ് ഉൾപ്പെടുന്ന മഹാവികാസ് അഘാഡിയുമായി കൈകോർക്കാൻ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമിൻ (എഐഎംഐഎം) സന്നദ്ധത അറിയിച്ചെങ്കിലും താൽപര്യമില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാമെന്നതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയുമായി സഖ്യം വേണ്ടെന്ന അഭിപ്രായമാണു നേതാക്കൾക്കുള്ളത്.

ലോക്സഭാ തിരഞ്ഞെടുപ്പു ഘട്ടത്തിലും ഒവൈസിയുടെ പാർട്ടി സന്നദ്ധത അറിയിച്ചിരുന്നു. സഖ്യത്തിന്റെ ഭാഗമായില്ലെങ്കിൽ തനിച്ചു മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ഇംത്യാസ് ജലീൽ പറഞ്ഞു. എന്നാൽ, മഹാരാഷ്ട്രയിലെ ന്യൂനപക്ഷ വോട്ടുകൾ നേരത്തെ തന്നെ കോൺഗ്രസിനൊപ്പം ആണെന്നും അതിനാൽ എംഐഎമ്മിനെ കൂടി സഖ്യത്തിന്റെ ഭാഗമാക്കുന്നതു മറ്റു തരത്തിൽ പ്രതികൂലമാകാമെന്നുമാണ് വിലയിരുത്തൽ. ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയും ഒവൈസിയുടെ പാർട്ടിയുമായുള്ള ബന്ധം താൽപര്യപ്പെടുന്നില്ലെന്നു നേതാക്കൾ സൂചിപ്പിച്ചു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു തീയതി പ്രഖ്യാപിച്ചില്ലെങ്കിലും സീറ്റ് ധാരണയ്ക്കുള്ള ചർച്ച പുരോഗമിക്കുകയാണ്. ഹൈക്കമാൻഡ് നിർദേശപ്രകാരം, സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എൻസിപി അധ്യക്ഷൻ ശരദ് പവാർ ഉൾപ്പെടെ നേതാക്കളുമായി കഴിഞ്ഞ ദിവസവും ആശയവിനിമയം നടത്തി. 288 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത്, ലോക്സഭാഫലം വച്ചു നോക്കിയാൽ 150ലേറെ മണ്ഡലങ്ങളിൽ ഇന്ത്യാസഖ്യത്തിനാണു മേൽക്കൈ. 13 സീറ്റുമായി കോൺഗ്രസ് വലിയ നേട്ടമുണ്ടാക്കിയതു സീറ്റ് നിർണയത്തിലും ഗുണം ചെയ്യുമെന്ന് പാർട്ടി കരുതുന്നു.

English Summary:

Congress not want alliance with Asaduddin Owaisi's party in Maharashtra election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com