മണിപ്പുരിൽ അക്രമം തുടരുന്നു: കുക്കി വനിത കൊല്ലപ്പെട്ടു
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ കാങ്‌പോക്‌പിയിൽ ബോംബ് ആക്രമണത്തിൽ കുക്കി വനിത കൊല്ലപ്പെട്ടു. തങ്ബുഹ് ഗ്രാമത്തിലാണ് ആക്രമണം നടന്നത്. മൃതദേഹം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ബിഷ്ണുപുർ-ചുരാചന്ദ്പുർ അതിർത്തിയിലും ജിരിബാമിലും വീണ്ടും അക്രമമുണ്ടായി. ജിരിബാമിൽ കുക്കികൾ ഉപേക്ഷിച്ച ഗ്രാമത്തിന് തീയിട്ടു. ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയും സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരത്തേ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
മണിപ്പുരിൽ കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ സംയുക്ത സേനയുടെ (യൂണിഫൈഡ് കമാൻഡ്) നിയന്ത്രണം വേണമെന്നു മുഖ്യമന്ത്രി ബിരേൻ സിങ് ഗവർണറെക്കണ്ട് അഭ്യർഥിച്ചു. കലാപത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം, സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ്, ആർമി എന്നിവയുടെ നേതൃത്വത്തിലാണ് നിലവിൽ യുണിഫൈഡ് കമാൻഡ് പ്രവർത്തിക്കുന്നത്.
ശനിയാഴ്ച അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേർത്ത മുഖ്യമന്ത്രി രാത്രി ഗവർണർ എൽ.ആചാര്യയെ കണ്ടിരുന്നു. ഇന്നലെ സ്പീക്കർ ഉൾപ്പെടെ ഇരുപതോളം എംഎൽഎമാരുമായി വീണ്ടും രാജ്ഭവനിലെത്തിയാണ് ആവശ്യം ഉന്നയിച്ചത്.
പൊലീസ്, ആഭ്യന്തരവകുപ്പിനു കീഴിലുള്ള കേന്ദ്രസേനകൾ, പ്രതിരോധ വകുപ്പിനു കീഴിലുള്ള സൈന്യം ഉൾപ്പെടെയുള്ളവരാണ് ഇപ്പോൾ മണിപ്പുരിലുള്ളത്. സിആർപിഎഫ് മുൻ ഡയറക്ടർ ജനറലായിരുന്ന കുൽദീപ് സിങ്ങിനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായി കേന്ദ്രം നിയമിക്കുകയും ചെയ്തു.
ഡിജിപിക്കു പകരം കുൽദീപ് സിങ് ആണ് പൊലീസിനെ നിയന്ത്രിക്കുന്നത്. എന്നാൽ സുരക്ഷാ ഉപദേഷ്ടാവിന്റെ നിർദേശങ്ങൾ അവഗണിച്ച് സ്വന്തം നിലയ്ക്കാണു മണിപ്പുർ പൊലീസിനു കീഴിലുള്ള കമാൻഡോകൾ ഉൾപ്പെടെയുള്ളവർ പ്രവർത്തിക്കുന്നത്.
മണിപ്പുർ കമാൻഡോകൾ മെയ്തെയ് വിഭാഗത്തിനൊപ്പം പക്ഷം ചേരുമ്പോൾ അസം റൈഫിൾസും ബിഎസ്എഫും ആർമിയും സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുന്നത്. സായുധ മെയ്തെയ് ഗ്രൂപ്പുകൾ കുക്കി മേഖലകളിൽ പ്രവേശിക്കാതിരിക്കുന്നതിനായി അസം റൈഫിൾസ് സേനാവിന്യാസം നടത്തിയിട്ടുണ്ട്.