ഇൻഷുറൻസ് വ്യക്തിവിവരങ്ങൾ ടെലിഗ്രാമിൽ വിൽപനയ്ക്ക് !
Mail This Article
ന്യൂഡൽഹി∙രാജ്യത്തെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്തിൽ നിന്ന് മലയാളികളടക്കം ലക്ഷക്കണക്കിനാളുകളുടെ വ്യക്തിവിവരങ്ങളും മെഡിക്കൽ വിവരങ്ങളും ടെലിഗ്രാം ബോട്ട് വഴി ചോർന്നു. 3.12 കോടി പോളിസി ഉടമകളുടെ 7,240 ജിബി വരുന്ന വിവരങ്ങൾ പക്കലുണ്ടെന്നാണു ഹാക്കർമാരുടെ വാദം. സാംപിളുകൾ ലഭ്യമാക്കി ഇവ 1.5 ലക്ഷം ഡോളറിന് (ഏകദേശം 1.25 കോടി രൂപ) ഹാക്കർമാർ വിൽപനയ്ക്കു വച്ചതായാണു വിവരം. ഒരു ലക്ഷം വീതമുള്ള സെറ്റിനു 10,000ഡോളറാണ് (8.34 ലക്ഷം) വില. കഴിഞ്ഞ മാസം വരെയുള്ള 5.75 ലക്ഷം ഇൻഷുറൻസ് ക്ലെയിം വിവരങ്ങളുമുണ്ട്.
പേര്, വിലാസം, ചിത്രം, ആധാർ/പാൻ പകർപ്പുകൾ, ഭാരം, ഉയരം, രക്തപരിശോധനാ ഫലം, ഇസിജി, എക്സ്–റേ കോപ്പികൾ, പോളിസിയെടുക്കുമ്പോഴുള്ള രോഗങ്ങൾ, ആശുപത്രി ബില്ലുകൾ, പരുക്കുകളുടെ ചിത്രങ്ങൾ, നോമിനി വിവരങ്ങൾ, ബോഡി മാസ് ഇൻഡക്സ് (ബിഎംഐ), ഹെൽത്ത് കാർഡ് തുടങ്ങി ദുരുപയോഗിക്കപ്പെടാൻ സാധ്യതയുള്ള വിവരങ്ങളാണ് ടെലിഗ്രാം ബോട്ട് വഴി ചോർന്നത്.
ടെലിഗ്രാം ബോട്ടിലൂടെ ആദ്യം ലഭിച്ച 10 സാംപിളുകളിൽ കോഴിക്കോട് സ്വദേശിയായ 78 വയസ്സുകാരന്റെയും വടകര സ്വദേശിയായ 66–കാരിയുടെയും കണ്ണൂർ തലശ്ശേരി സ്വദേശിയായ 37–കാരന്റെയും മെഡിക്കൽ റിപ്പോർട്ടുകൾ, ഡിസ്ചാർജ് സമ്മറി ഇവ ലഭിച്ചു. ഒരു വ്യക്തിയുടെ ശരാശരി 10 രേഖകളെങ്കിലും വിൽപനയ്ക്കുണ്ട്. ഇൻഷുറൻസ് ക്ലെയിമിനായി പോർട്ടലിൽ അപ്‍ലോഡ് ചെയ്ത രേഖകളാണിവ. 10 പേരുടെ ഡേറ്റ ടെലിഗ്രാം ബോട്ടിനോട് ആവശ്യപ്പെട്ടപ്പോൾ 86 പിഡിഎഫ് ഫയലുകളാണ് ലഭിച്ചത്. വിഭാഗം തിരിച്ചു ക്രോഡീകരിച്ച വിവരങ്ങൾ ലഭ്യമാക്കാമെന്ന വാഗ്ദാനവും വെബ്സൈറ്റിലുണ്ട്. സ്റ്റാർ ഹെൽത്ത് ഉപയോക്താക്കളായ സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സാംപിളായി നൽകിയിട്ടുണ്ട്.
മെഡിക്കൽ വിവരങ്ങൾ ഉൾപ്പെട്ടതിനാൽ സംഭവം ഗൗരവമുള്ളതാണെന്ന് സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടി. അനധികൃതമായി ഡേറ്റ ചോർത്തിയെന്ന തരത്തിൽ ഓഗസ്റ്റ് 13ന് വിവരം ലഭിച്ചതായി സ്റ്റാർ ഹെൽത്ത് അറിയിച്ചു. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ട്.