ജമ്മു കശ്മീർ: രണ്ടാം ഘട്ടത്തിൽ 56% പോളിങ്; കഴിഞ്ഞ തവണത്തേക്കാൾ പോളിങ് കുറഞ്ഞു
Mail This Article
ശ്രീനഗർ ∙ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 56% പോളിങ്. കശ്മീരിലെ 15 മണ്ഡലത്തിലും ജമ്മുവിലെ 11 ഇടത്തും ആയി 6 ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷനുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാൻദെർബാൽ മണ്ഡലത്തിലും വോട്ടെടുപ്പ് നടന്നു.
കഴിഞ്ഞ 18ന് നടന്ന ആദ്യഘട്ടത്തിൽ 61% പേർ വോട്ടു രേഖപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 2014 ൽ ഈ 6 ജില്ലകളിൽ 65 ശതമാനത്തിന് മുകളിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. ശ്രീനഗർ ജില്ലയിലെ മണ്ഡലങ്ങളിൽ ഇത്തവണ 27.62% പോളിങ് മാത്രമാണ് നടന്നത്. 2014 ൽ 82.09% പോളിങ് രേഖപ്പെടുത്തിയ ഗുലാബ്ഗഡിൽ ഇത്തവണ വോട്ടുചെയ്തത് 72.19% മാത്രം
വോട്ടെടുപ്പ് നിരീക്ഷിക്കാൻ 16 രാജ്യങ്ങളിലെ പ്രതിനിധികൾ എത്തിയിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ചാണ് യുഎസ്, നോർവെ, സിങ്കപ്പൂർ, ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികൾ വന്നത്. ആരോഗ്യകരമായ ജനാധിപത്യത്തിന്റെ സൂചനകൾ കാണാൻ കഴിഞ്ഞെന്ന് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.
അതിനിടെ ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് പാർലമെന്റിനകത്തും പുറത്തും കോൺഗ്രസ് സമരം ആരംഭിക്കുമെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സോപോറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ.