സുപ്രധാന പാർലമെന്ററി സമിതികളിൽ ബിജെപി എംപിമാർ അധ്യക്ഷർ
Mail This Article
ന്യൂഡൽഹി ∙ ആഭ്യന്തരം, പ്രതിരോധം തുടങ്ങി 11 സുപ്രധാന മന്ത്രാലയങ്ങൾക്കായുള്ള പാർലമെന്ററി സ്ഥിരം സമിതി അധ്യക്ഷരായി ബിജെപി എംപിമാരെ നിയമിച്ചു. വിദേശകാര്യം, വിദ്യാഭ്യാസം, കൃഷി, ഗ്രാമവികസനം എന്നിവയ്ക്കായുള്ള 4 സ്ഥിരം സമിതി അധ്യക്ഷ പദവികളാണ് കോൺഗ്രസിനു ലഭിച്ചത്. ഇതുൾപ്പെടെ 24 പാർലമെന്ററി സ്ഥിരം സമിതികളുടെ അധ്യക്ഷന്മാരുടെയും അംഗങ്ങളുടെ പട്ടിക ഇന്നലെ പാർലമെന്റ് സെക്രട്ടേറിയറ്റ് വിജ്ഞാപനം ചെയ്തു. തൃണമൂൽ കോൺഗ്രസിനും ഡിഎംകെയ്ക്കും രണ്ടു വീതവും ജെഡിയു, ടിഡിപി, എസ്പി, എൻസിപി(അജിത് പവാർ), ശിവസേന(ഷിൻഡെ) എന്നിവയ്ക്ക് ഓരോ അധ്യക്ഷ പദവിയും നൽകി. പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട സമിതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അംഗമാണ്. മുൻ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ ആണ് കൽക്കരി, സ്റ്റീൽ മന്ത്രാലയങ്ങളുടെ സമിതിയുടെ അധ്യക്ഷൻ. കർണാടക മുൻമുഖ്യമന്ത്രിയും ബിജെപി എംപിയുമായ ബസവരാജ് ബൊമ്മെയാണ് തൊഴിൽ, ടെക്സ്റ്റൈൽസ്, നൈപുണ്യ വികസന സമിതിയുടെ അധ്യക്ഷൻ. ശശി തരൂരാണ് വിദേശകാര്യസമിതിയുടെ അധ്യക്ഷൻ.
സമിതികളിൽ അംഗങ്ങളായ മലയാളി എംപിമാർ
∙ ശശി തരൂർ (വിദേശകാര്യം), ഡീൻ കുര്യാക്കോസ് (വിദ്യാഭ്യാസം, വനിതാ, ശിശുക്ഷേമം, യൂത്ത് ആൻഡ് സ്പോർട്സ്), ഹാരിസ് ബീരാൻ (ആഭ്യന്തരം), ജോസ് കെ. മാണി, പി. സന്തോഷ് കുമാർ (വ്യവസായം), കെ. സുധാകരൻ (പഴ്സനേൽ, പബ്ലിക് ഗ്രീവൻസസ്, ലോ ആൻഡ് ജസ്റ്റിസ്), കെ. ഫ്രാൻസിസ് ജോർജ് (ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം), കെ.സി. വേണുഗോപാൽ, അബ്ദു സമദ് സമദാനി (ഗതാഗതം, ടൂറിസം, സാംസ്കാരികം), കൊടിക്കുന്നിൽ സുരേഷ്, പി.പി. സുനീർ (കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യസംസ്കരണം), ഷാഫി പറമ്പിൽ (ഐടി), രാജ്മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി (ഉപഭോക്തൃകാര്യം, ഭക്ഷ്യ പൊതുവിതരണം), ജോൺ ബ്രിട്ടാസ്, എ.എ. റഹീം, എൻ.കെ. പ്രേമചന്ദ്രൻ (ധനകാര്യം), ഹൈബി ഈഡൻ (പാർപ്പിട, നഗരകാര്യം), വി.കെ. ശ്രീകണ്ഠൻ (തൊഴിൽ, ടെക്സ്റ്റൈൽസ്, നൈപുണ്യ വികസനം), ബെന്നി ബഹനാൻ, വി. ശിവദാസൻ (പെട്രോളിയം), എം.കെ. രാഘവൻ, അടൂർ പ്രകാശ് (റെയിൽവേ), കെ. രാധാകൃഷ്ണൻ (ഗ്രാമവികസനം, പഞ്ചായത്ത് രാജ്), ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുൽ വഹാബ്, പി.ടി. ഉഷ (സാമൂഹികനീതി), ജെബി മേത്തർ (ജലവിഭവം).