ADVERTISEMENT

മുംബൈ∙ രത്തൻ ടാറ്റയുടെ അർധസഹോദരൻ നോയൽ ടാറ്റയ്ക്കാണ് (67) ടാറ്റ ട്രസ്റ്റ്സ് ചെയർമാനാകാൻ കൂടുതൽ സാധ്യത. രത്തൻ ടാറ്റ പിൻഗാമിയെ പ്രഖ്യാപിക്കാത്തതിനാൽ ബോർഡ് യോഗമായിരിക്കും ട്രസ്റ്റിമാരിൽനിന്നു പുതിയ ചെയർമാനെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുക. അകലം പാലിച്ചിരുന്ന രത്തനും നോയലും അവസാനകാലത്തു തർക്കങ്ങൾ പരിഹരിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. 

കമ്പനി ഘടന 

വിവിധ ഫൗണ്ടേഷനുകൾ ചേർന്നുള്ള സംരംഭമാണ് ടാറ്റ ട്രസ്റ്റ്സ്. 165 ബില്യൻ ഡോളർ ആസ്തിയുള്ള ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സൺസിനെ നിയന്ത്രിക്കുന്നത് ടാറ്റാ ട്രസ്റ്റ്സ് ആണ്. രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണിത്. 

ട്രസ്റ്റ്സിന്റെ ഭാഗമായ സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ് എന്നിവയുടെ പക്കലാണ് ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസിന്റെ 52% ഓഹരികൾ. ഇൗ രണ്ടു ട്രസ്റ്റുകളിലായി 13 ട്രസ്റ്റിമാരാണുള്ളത്. 5 പേർ രണ്ടു ട്രസ്റ്റുകളിലും പൊതു അംഗങ്ങളാണ്. കേന്ദ്ര മുൻ പ്രതിരോധ സെക്രട്ടറി വിജയ് സിങ്, വ്യവസായി വേണു ശ്രീനിവാസൻ, രത്തൻ ടാറ്റയുടെ അർധസഹോദരൻ നോയൽ ടാറ്റ, അഭിഭാഷകൻ ഡാരിയസ് കമ്പാട്ട, വ്യവസായി മെഹ്‌ലി മിസ്ത്രി എന്നിവരാണത്. 

തിരഞ്ഞെടുപ്പ് 

നിലവിൽ ടാറ്റ ട്രസ്റ്റ്സിന്റെ വൈസ് ചെയർമാൻമാരെന്ന നിലയിൽ വിജയ് സിങ്, വേണു ശ്രീനിവാസൻ എന്നിവർക്കാണു പരിഗണന ലഭിക്കേണ്ടതെങ്കിലും പാഴ്സി സമുദായത്തിൽ നിന്നുള്ളവരെയാണ് സാധാരണ ചെയർമാനാക്കുക. നോയൽ ടാറ്റയ്ക്ക് ഇതും അനുകൂല ഘടകമാണ്. ട്രെന്റ്, ടൈറ്റൻ, ടാറ്റ സ്റ്റീൽ എന്നിവയടക്കമുള്ള കമ്പനികളുടെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന നോയൽ ഈ സ്ഥാപനങ്ങളെ കൂടുതൽ നേട്ടത്തിലേക്കു നയിച്ചു.

അവഗണന 

2012ൽ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്നു രത്തൻ വിരമിച്ചപ്പോൾ നോയൽ പകരക്കാനായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും സൈറസ് മിസ്ത്രിക്കാണ് നറുക്കുവീണത്. മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തുനിന്നു പുറത്താക്കിയപ്പോഴും നോയൽ അവഗണിക്കപ്പെട്ടു. ടിസിഎസിനെ നയിച്ച എൻ.ചന്ദ്രശേഖരനെയാണ് ചെയർമാനാക്കിയത്. 

ratan-tata-family-tree-JPG
English Summary:

Board meeting to decide successor of Ratan Tata; Chances for Noel Tata

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com