സ്കൂളുകളിലെ ആർത്തവ ശുചിത്വം; കേരളം സൂപ്പർ
Mail This Article
ന്യൂഡൽഹി ∙ വൃത്തിയുള്ള ശുചിമുറികൾ ഉൾപ്പെടെ സ്കൂളുകളിൽ പെൺകുട്ടികളുടെ ആർത്തവ ശുചിത്വം ഉറപ്പാക്കാൻ കേരളം 99 % നടപടികളും പൂർത്തിയാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകണം, സ്കൂളുകൾക്കായി ആർത്തവ ശുചിത്വ നയം രൂപീകരിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സാമൂഹിക പ്രവർത്തക ജയ ഠാക്കൂർ സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലെ സത്യവാങ്മൂലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മറുപടി.
-
Also Read
കൊടൈക്കനാലിൽ ഭാരവാഹനങ്ങൾക്കും നിയന്ത്രണം
രാജ്യത്തെ 97.5 ശതമാനം സ്‌കൂളുകളിലും വിദ്യാർഥികൾക്കായി പ്രത്യേകം ശുചിമുറി സൗകര്യം ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം പറയുന്നു. ഡൽഹി, ഗോവ, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിൽ നടപടികൾ 100% പൂർത്തിയായി. ബംഗാൾ (99.9 %), ഉത്തർപ്രദേശ് (98.8 %), തമിഴ്നാട് (99.7),സിക്കിം, ഗുജറാത്ത്, പഞ്ചാബ് (99.5), ഛത്തീസ്ഗഡ് (99.6), കർണാടക (98.7), മധ്യപ്രദേശ് (98.6) തുടങ്ങി ഭൂരിഭാഗം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടപടികൾ ഏറക്കുറെ പൂർത്തിയായിക്കഴിഞ്ഞു. വിഷയത്തിൽ താരതമ്യേന മെല്ലെപ്പോക്ക് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണെന്നും മന്ത്രാലയത്തിന്റെ മറുപടിയിലുണ്ട്.
ആൺകുട്ടികൾക്കായി 16 ലക്ഷം ശുചിമുറികളും പെൺകുട്ടികൾക്കായി 17.5 ലക്ഷം ശുചിമുറികളും 10 ലക്ഷം സർക്കാർ സ്‌കൂളുകളിലായി നിർമിച്ചിട്ടുണ്ട്. സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ആൺകുട്ടികൾക്കായി 2.5 ലക്ഷം ശുചിമുറികളും പെൺകുട്ടികൾക്കായി 2.9 ലക്ഷം ശുചിമുറിയും സജ്ജമാക്കി കഴിഞ്ഞുവെന്നും കേന്ദ്രം അറിയിച്ചു. പ്രത്യേക ആർത്തവ നയം രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. ഹർജി അടുത്തമാസം പരിഗണിക്കുന്നുണ്ട്.