ഇ.അബൂബക്കറിന്റെ ജാമ്യം: സാധ്യത പരിശോധിക്കാൻ മെഡിക്കൽ സംഘം
Mail This Article
ന്യൂഡൽഹി ∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ അധ്യക്ഷൻ ഇ.അബൂബക്കറിന്റെ (70) ആരോഗ്യസ്ഥിതി പരിഗണിച്ചു ജാമ്യം നൽകാൻ കഴിയുമോ എന്നു പരിശോധിക്കാൻ സുപ്രീം കോടതി എയിംസിലെ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. 2 ദിവസത്തിനകം പൊലീസ് കാവലോടെ എയിംസിലേക്കു മാറ്റാൻ ഉത്തരവിട്ട കോടതി, അവിടെ അഡ്മിറ്റ് ചെയ്തു പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കാനും നിർദേശിച്ചു. സഹായത്തിനു മകനെ കൂടി ഒപ്പം അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
അബൂബക്കറിനെ പലതവണ എയിംസിലേക്കു കൊണ്ടുപോയതാണെന്നും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും എൻഐഎയ്ക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ചികിത്സയോടു സഹകരിക്കുന്നില്ലെന്നു പറഞ്ഞെങ്കിലും മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടാണു വേണ്ടതെന്നു ബെഞ്ച് മറുപടി നൽകി. അന്വേഷണത്തോടു സഹകരിക്കുന്നില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളാൻ വ്യവസ്ഥയുണ്ടെന്നും മെഡിക്കൽ റിപ്പോർട്ട് അനുസരിച്ചു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.