മണിപ്പുർ: രണ്ടര വയസ്സുകാരൻ നേരിട്ടത് ക്രൂരപീഡനം; 3 പേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Mail This Article
ഇംഫാൽ ∙ മണിപ്പുരിലെ ജിരിബാമിലെ ദുരിതാശ്വാസ ക്യാംപിൽനിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആറംഗ കുടുംബത്തിലെ രണ്ടര വയസ്സുകാരൻ ക്രൂരമായ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്കു വെടിയേറ്റതിനു പുറമേ നെഞ്ചിൽ ഗുരുതരമായ മുറിവുകളുമേറ്റിരുന്നു. കൊല്ലപ്പെട്ട ആറംഗ കുടുംബത്തിലെ 3 പേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണു പുറത്തായത്.
മെയ്തെയ് ദുരിതാശ്വാസ ക്യാംപിൽനിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 8 പേരിൽ 6 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മൃതദേഹങ്ങൾ പുഴകളിൽ നിന്നാണ് ലഭിച്ചത്. 8 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 3 പേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. കലാപത്തിനു വീണ്ടും കാരണമാക്കുമെന്നതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിടാതിരിക്കുകയായിരുന്നു സർക്കാർ.
സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 10 കുക്കി ഗോത്രവിഭാഗക്കാരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവിട്ടില്ല. മെയ്തെയ് വിഭാഗക്കാരുടെ സംസ്കാരച്ചടങ്ങുകൾ നടന്നെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാതെ സംസ്കാരം നടത്തില്ലെന്നാണു കുക്കി ഗോത്രസംഘടനകൾ അറിയിച്ചിട്ടുള്ളത്.ഇംഫാൽ താഴ്‌വരയിൽ പ്രതിഷേധം തുടരുകയാണ്. 7 ദിവസത്തിനകം അക്രമികളെ പിടികൂടണമെന്നു മണിപ്പുരിലെ എൻഡിഎ എംഎൽഎമാർ യോഗം ചേർന്നു പ്രമേയം പാസാക്കിയിരുന്നു.
കേസ് എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. 7 ദിവസത്തിനകം അറസ്റ്റുണ്ടായില്ലെങ്കിൽ വൻ പ്രക്ഷോഭം നടത്തുമെന്നു മെയ്തെയ് സംഘടനകൾ മുന്നറിയിപ്പുനൽകി.ഇന്ന് മണിപ്പുരിൽ സ്കൂളുകളും കോളജുകളും തുറക്കുകയാണ്. വിദ്യാർഥിസംഘർഷം ഒഴിവാക്കാൻ കേന്ദ്ര സേനയെ വ്യാപകമായി വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ ഇംഫാൽ ഈസ്റ്റിൽ പാടത്ത് ജോലി ചെയ്യുകയായിരുന്ന കർഷകർക്കു നേരെ കുക്കി കുന്നുകളിൽനിന്നും വെടിവയ്പുണ്ടായി. മെയ്തെയ് ഗ്രാമസംരക്ഷണ സേനയും തിരിച്ചടിച്ചു. കർഷകരെ ബിഎസ്എഫ് ജവാന്മാർ എത്തി രക്ഷിച്ചു.