ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം: കൂൾബാർ മാനേജർ അറസ്റ്റിൽ
Mail This Article
കാസർകോട്∙ ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. കൂൾബാർ മാനേജരും കാസർകോട് പടന്ന സ്വദേശിയുമായ മൂന്നാം പ്രതി അഹമ്മദിനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒളിവിൽ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി.
മരിച്ച വിദ്യാർഥിനി ദേവനന്ദയ്ക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദുബായിലുള്ള സ്ഥാപനയുടമ കാലിക്കടവ് സ്വദേശി കുഞ്ഞമ്മദിനായി ലുക്ക്‌ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ ആലോചനയുണ്ട്. അതിനിടെ, ഐഡിയൽ കൂൾബാറിന്റെ വാൻ കത്തിച്ചതിന് പൊലീസ് സ്വമേധയാ കേസെടുത്തു.
ദേവനന്ദയുൾപ്പെടെയുള്ളവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷവർമ കഴിച്ചതെന്ന് വ്യക്തമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ആറുമണിക്കും ഇടയിലുള്ള സമയത്താണ് വിദ്യാർഥികളടക്കമുള്ളവർ ഷവർമ കഴിച്ചതെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിൽ ഇറച്ചി ഉൾപ്പെടെ സൂക്ഷിക്കുന്ന ഫ്രീസറിൽ വൃത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷ്യവിഷബാധയേറ്റ് 52 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. പരിയാരത്ത് തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.
English Summary: One more arrested Shawarma Food Poisoning Case