ADVERTISEMENT

ന്യൂഡൽഹി∙ ദുർഗാപൂജ ആഘോഷങ്ങൾ അടുത്തിരിക്കെ ഇന്ത്യയിലേക്കുള്ള ഹിൽസ മത്സ്യക്കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി ബംഗ്ലദേശ്. പദ്മ ഹിൽസ അഥവാ ബംഗ്ലാദേശി ഇലിഷ് (മത്സ്യങ്ങളുടെ രാജാവ്) എന്ന പേരിൽ അറിയപ്പെടുന്ന മത്സ്യം ബംഗാളി വിഭവങ്ങളിൽ പ്രധാനമാണ്. പ്രാദേശിക ഉപഭോക്താക്കൾക്ക് വേണ്ടത്ര മത്സ്യലഭ്യത ഉറപ്പുവരുത്താനെന്ന പേരിലാണ് ബംഗ്ലദേശ് ഇടക്കാല സർക്കാരിലെ വാണിജ്യ മന്ത്രാലയ ഉപദേഷ്ടാവ് ഫരീദ അക്തർ മത്സ്യക്കയറ്റുമതി നിരോധിച്ചത്.

‘‘നമ്മുടെ ജനങ്ങൾക്ക് വാങ്ങാൻ സാധിക്കാത്ത തരത്തിൽ ഇലിഷ് മത്സ്യക്കയറ്റുമതി അനുവദിക്കാനാവില്ല. അതുകൊണ്ട് ഈ വർഷം ദുർഗാപൂജ സമയത്ത് ഇന്ത്യയിലേക്കുള്ള ഇലിഷ് കയറ്റുമതി നിർത്തിവയ്ക്കാൻ വാണിജ് മന്ത്രാലയത്തിന് നിർദേശം നൽകി.’’– –ഫരീദയെ ഉദ്ധരിച്ച് ബംഗ്ലദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദുർഗപൂജയുൾപ്പെടെയുള്ള ആഘോഷവേളകളിലെ വിശിഷ്ട വിഭവങ്ങളിലൊന്നാണ് ഹിൽസ മത്സ്യം. ഗംഗയുടെ പോഷകനദികളിലൊന്നായ പദ്മയിൽനിന്ന് ലഭിക്കുന്നതിനാലാണ് ഇതിനെ പദ്മ ഹിൽസ എന്നു വിളിക്കുന്നത്.

ബംഗ്ലദേശ് കയറ്റുമതി നിരോധിച്ചതോടെ ഹിൽസ മീനിന്റെ വില കുതിച്ചുയർന്നിട്ടുണ്ട്. ലോകത്തെ ഹിൽസ ഉൽപാദനത്തിൽ 70 ശതമാനവും ബംഗ്ലദേശിലാണ്. ബംഗ്ലദേശിൽനിന്നു വരവില്ലാതായതോടെ മ്യാൻമർ, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിൽനിന്നുള്ള ഹിൽസയ്ക്ക് ആവശ്യക്കാർ വർധിച്ചു.കുറഞ്ഞ മത്സ്യലഭ്യതയെ തുടർന്ന് 2012 മുതൽ 2020 വരെ പൊതുവിൽ ഹിൽസ കയറ്റുമതിക്ക് ബംഗ്ലദേശ് നിരോധനമേർപ്പെടുത്തിയിരുന്നെങ്കിലും അതിൽനിന്ന് ഇന്ത്യയെ ഒഴിവാക്കിയിരുന്നു.

2012ൽ തീസ്ത നദീജലക്കരാറുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഹിൽസ കയറ്റുമതി നിരോധിച്ചെങ്കിലും ഷെയ്ഖ് ഹസീന ഇടപെട്ട് ഇന്ത്യയിലേക്കുള്ള മത്സ്യക്കയറ്റുമതി സാധ്യമാക്കിയിരുന്നു. കൂടാതെ ദുർഗാപൂജയുൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് മുന്നോടിയായി വലിയതോതിൽ ഹിൽസ മത്സ്യത്തെ ഇന്ത്യയ്ക്ക് ബംഗ്ലദേശ് കൈമാറുന്ന ചടങ്ങും ഷെയ്ഖ് ഹസീന തുടങ്ങിവച്ചിരുന്നു. ഇടക്കാല സർക്കാരിന്റെ ഉത്തരവോടെ ഈ ചടങ്ങും ഇല്ലാതാകും.

English Summary:

Bangladesh plays spoilsport, bans Padma Hilsa fish export to India ahead of Durga Puja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com