മോദിയോട് വെറുപ്പില്ല, ശത്രുവായി കാണുന്നുമില്ല; തോന്നുന്നത് സഹാനുഭൂതിയും കരുണയും: രാഹുൽ
Mail This Article
വാഷിങ്ടൻ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വെറുപ്പില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വാഷിങ്ടൻ ഡിസിയിലെ ജോർജ്‌ടൗൺ സർവകലാശാലയിൽ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘നിങ്ങൾ ചിലപ്പോൾ അദ്ഭുതപ്പെട്ടേക്കാം. പക്ഷേ ഞാൻ യഥാർഥത്തിൽ മോദിയെ വെറുക്കുന്നില്ല. അദ്ദേഹത്തിന് ഒരു കാഴ്ചപ്പാട് ഉണ്ട്. ഞാൻ അതിനോട് യോജിക്കുന്നില്ല. എന്നുകരുതി അദ്ദേഹത്തെ വെറുക്കുന്നുമില്ല. അദ്ദേഹത്തിന്റെയും എന്റെയും വ്യത്യസ്ത വീക്ഷണമാണ്.’’ രാഹുൽ പറഞ്ഞു.
‘‘ശരിക്കുപറഞ്ഞാൽ പലപ്പോഴും എനിക്കദ്ദേഹത്തോട് സഹാനുഭൂതി തോന്നാറുണ്ട്. അദ്ദേഹത്തെ ശത്രുവായി കാണുന്നില്ല. എനിക്കും അദ്ദേഹത്തിനും വ്യത്യസ്ത കാഴ്ചപ്പാടുകളാണ്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളോട് എനിക്ക് സഹാനുഭൂതിയും കരുണയും തോന്നുന്നു. അദ്ദേഹത്തിനെതിരെ ഞാൻ എന്ന നിലപാടിനേക്കാൾ എത്രയോ മികച്ചതാണ് എന്റെ രീതിയെന്ന് ഞാൻ കരുതുന്നു. മറിച്ച് എതിരാളിയായി കാണുക ക്രിയാത്മകമാണെന്ന് കരുതുന്നില്ല.’’ രാഹുൽ പറഞ്ഞു. മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ യുഎസിൽ എത്തിയത്.