ADVERTISEMENT

കൊൽക്കത്ത ∙ ആർ.ജി കർ മെഡിക്കൽ കോളജിൽ ബലാത്സംഗക്കൊലയ്ക്കിരയായ വനിതാ ഡോക്ടറുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തില്ലെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ വാദത്തെ എതിർത്ത് യുവതിയുടെ അമ്മ രംഗത്ത്. മുഖ്യമന്ത്രി നുണ പറയുകയാണെന്ന് അവർ പറഞ്ഞു. ‘‘മുഖ്യമന്ത്രി നുണ പറയുകയാണ്. എന്റെ മകൾ തിരിച്ചുവരാൻ പോകുന്നില്ല. അവളുടെ പേരിൽ ഞാൻ നുണപറയുമോ? ഞങ്ങൾക്കു പണം ലഭിക്കുമെന്നും മകളുടെ ഓർമയ്ക്കായി എന്തെങ്കിലും നിർമിക്കാനുമാണു മുഖ്യമന്ത്രി നിർദേശിച്ചത്. മകൾക്ക് നീതി ലഭിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി പണം വാങ്ങാമെന്നു ഞാൻ മറുപടി നൽകി.’’– യുവതിയുടെ അമ്മ പറഞ്ഞു.

യുവതിയുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം മമത നിഷേധിച്ചിരുന്നു. ‘‘കുടുംബത്തിന് പണം നൽകാമെന്ന് വാഗ്ദാനം നൽകിയിട്ടില്ല. അവർ മകൾക്കായി എന്തെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സർക്കാർ പിന്തുണയ്ക്കാം എന്നാണ് അറിയിച്ചത്’’ എന്നായിരുന്നു മമതയുടെ വിശദീകരണം. മമത പണം വാഗ്ദാനം ചെയ്തെന്ന് യുവതിയുടെ ബന്ധുവും ആവർത്തിച്ചു. മുഖ്യമന്ത്രി നേരിട്ടാണ് പണം വാഗ്ദാനം ചെയ്തത്. പൊലീസല്ലെന്നും അവർ വ്യക്തമാക്കി. 

ദുർഗപൂജ ആരംഭിക്കുന്നതിനാൽ സംസ്ഥാനം ആഘോഷങ്ങളിലേക്ക് കടക്കണമെന്ന മമതയുടെ ആഹ്വാനത്തെ മനുഷ്യത്വരഹിതമെന്നു യുവതിയുടെ അമ്മ വിശേഷിപ്പിച്ചു. ‘‘എന്റെ വീട്ടിലും ദുർഗപൂജ ആഘോഷിച്ചിരുന്നു. മകളാണ് ചെയ്തിരുന്നത്. എന്റെ വീട്ടിൽ ഇനിയൊരിക്കലും അത് ആഘോഷിക്കില്ല. വീട്ടിലെ പ്രകാശം നഷ്ടപ്പെട്ടു. ആഘോഷത്തിലേക്ക് മടങ്ങിവരാൻ ആളുകളോട് എങ്ങനെയാണ് ഞാൻ പറയുക? മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ് ഇപ്രകാരം സംഭവിച്ചതെങ്കിൽ ഇങ്ങനെ പറയുമോ?’’– അമ്മ ചോദിക്കുന്നു.

സംഭവത്തിൽ പ്രതിഷേധം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് 5ന് മുമ്പ് ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചതിനു പിന്നാലെയാണ് സമരം ചെയ്യുന്ന ഡോക്ടർമാർ നിലപാടറിയിച്ചത്. ഡോക്ടർമാരുടെ പ്രതിഷേധം ജനകീയ പ്രക്ഷോഭമാണെന്ന കാര്യം സർക്കാരും സുപ്രീംകോടതിയും മറന്നുപോകരുതെന്നും പ്രതിഷേധക്കാർ പറഞ്ഞു. ‘‘സുപ്രീംകോടതി വാദം വലിയ നിരാശയാണുണ്ടാക്കിയത്. കേസ് ഹൈക്കോടതിയിൽനിന്ന് സുപ്രീംകോടതിയിലേക്കും സംസ്ഥാന പൊലീസിൽനിന്ന് സിബിഐയിലേക്കും പോയെങ്കിലും നീതി ഇപ്പോഴും ലഭിച്ചിട്ടില്ല’’– ആർ.ജി കർ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരുടെ വക്താവ് പറഞ്ഞു.

സുപ്രീംകോടതിയിൽ ബംഗാൾ സർക്കാർ തെറ്റായ വിവരങ്ങളാണ് നൽകിയത്. സമരത്തെത്തുടർന്ന് സംസ്ഥാനത്ത് ആരോഗ്യരംഗം തകർന്നുവെന്നത് തെറ്റാണെന്നും ഡോക്ടർമാർ പറഞ്ഞു. ഡോക്ടർമാരുടെ സമരംകാരണം ചികിത്സ കിട്ടാതെ 23 പേർ മരിച്ചെന്നാണ് ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചത്. ജൂനിയർ ഡോക്ടർമാരുടെ തീരുമാനം എന്തായാലും പിന്തുണയ്ക്കുമെന്ന് ഐഎംഎ അറിയിച്ചു. വനിത ഡോക്ടർ നേരിടേണ്ടി വന്ന ക്രൂരത മനസ്സിലാക്കിക്കൊണ്ടുതന്നെ വിഷയത്തിൽ ഗുണപരമായ നടപടികളുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാൽ കോടതിയുടെയും സിബിഐയുടെയും നീക്കങ്ങളിൽ പൂർണമായും നിരാശരാണ്.

ഞങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതികിട്ടാനായി വിചാരണ വേഗത്തിലാക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ആശുപത്രികളിൽ സംഭവിച്ച ചില മരണങ്ങളുടെ ഉത്തരവാദിത്തംകൂടി ഡോക്ടർമാരുടെ തലയിൽകെട്ടി വയ്ക്കാൻ ശ്രമിക്കുന്നതും ഞെട്ടിപ്പിക്കുന്നു. സമരം കാരണം ഒരു ആശുപത്രികളുെട പ്രവർത്തനവും പൂർണമായി സ്തംഭിച്ചിട്ടില്ലെന്നും ഐഎംഎ ബംഗാൾ ഘടകം പ്രസ്താവനയിൽ വ്യക്തമാക്കി.

English Summary:

RG Kar Rape Case: Victim's Family Denounces Mamata Banerjee's Compensation Claim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com