ADVERTISEMENT

ശ്രീനഗർ‌∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ ജമ്മുവിലെ അഖ്‌നുർ മേഖലയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈനികർ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പ്രകോപനമില്ലാതെ വെടിവയ്പ് നടത്തി. ഏറ്റുമുട്ടലിൽ ഒരു അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ഉദ്യോഗസ്ഥനു പരുക്കേറ്റു.

ബിഎസ്എഫ് ജവാന്മാർ തിരിച്ചടിച്ചെങ്കിലും പാക്കിസ്ഥാൻ ഭാഗത്തെ ആളപായത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2:35നായിരുന്നു സംഭവം. അതിർത്തിക്കപ്പുറത്തുനിന്ന് അഖ്‌നുർ പ്രദേശത്ത് പ്രകോപനമില്ലാതെ വെടിവയ്പ്പുണ്ടാവുകയായിരുന്നു.

2021 ഫെബ്രുവരി 25ന് ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തൽ കരാർ പുതുക്കിയതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ ലംഘനങ്ങൾ വിരളമാണ്. കഴിഞ്ഞ വർഷം രാംഗഡ് സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു.

മൂന്നുഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം സെപ്റ്റംബർ 18ന് നടക്കാനിരിക്കെയാണ് കൃത്യം ഒരാഴ്ച മുൻപ് വെടിനിർത്തൽ കരാർ ലംഘനം. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് സെപ്റ്റംബർ 25നും മൂന്നാം ഘട്ടം ഒക്ടോബർ 1 നും നടക്കും. സൈനികർ അതീവ ജാഗ്രതയിലാണെന്ന് ബിഎസ്എഫ് അറിയിച്ചു.

English Summary:

BSF jawan injured after Pakistan troops resort to unprovoked firing in Akhnoor sector of Jammu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com