ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിൽ വിദ്യാർഥിപ്രക്ഷോഭം ആളിക്കത്തിയതോടെ ഇംഫാൽ താഴ്‌വരയിൽ അനിശ്ചിതകാലത്തേക്കു കർഫ്യൂ പ്രഖ്യാപിച്ചു. 5 ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധിച്ചു. ഇംഫാൽ ഈസ്റ്റിലും വെസ്റ്റിലും ആളുകൾ വീടിനു പുറത്തിറങ്ങുന്നതു തടഞ്ഞ് കലക്ടർമാർ ഉത്തരവിട്ടു. രാജ്ഭവനിലേക്ക് മാർച്ച് നടത്തിയ മെയ്തെയ് വിദ്യാർഥികൾ ഇന്നലെയും സുരക്ഷാസേനയുമായി ഏറ്റുമുട്ടി. 40 പേർക്ക് പരുക്കേറ്റു.

മണിപ്പുരിലെ സുരക്ഷാ ഉപദേഷ്ടാവിനെയും ഡിജിപിയെയും മാറ്റണമെന്നും യൂണിഫൈഡ് കമാൻഡിന്റെ ചുമതല മുഖ്യമന്ത്രി ബിരേൻ സിങ്ങിന് നൽകണമെന്നും ആവശ്യപ്പെട്ടു രാജ്ഭവനിലേക്ക് മാർച്ച് ചെയ്ത സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനു വിദ്യാർഥികളെ പൊലീസും സുരക്ഷാ സേനയും തടഞ്ഞു. സമരക്കാർ കല്ലേറു തുടങ്ങിയതോടെ കണ്ണീർവാതക ഷെല്ലുകളും മോക് ബോംബുകളും ഉപയോഗിച്ചാണു നേരിട്ടത്. ഇംഫാൽ വെസ്റ്റിലും മണിപ്പുർ സർവകലാശാലയിലെ മെയ്തെയ് വിദ്യാർഥികളുടെ നേതൃത്വത്തിൽ വൻറാലി നടന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു. സെക്രട്ടേറിയറ്റിലേക്ക് നീങ്ങിയ വിദ്യാർഥികളെ പൊലീസ് തടഞ്ഞു.

വ്യാജ വാർത്തകളും വിഡിയോകളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, തൗബാൽ, ബിഷ്ണുപുർ, കാക്ചിങ് തുടങ്ങിയ മെയ്തെയ് ഭൂരിപക്ഷ ജില്ലകളിൽ ഇന്റർനെറ്റ് നിരോധിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയാണ്.

ഭരണകക്ഷിയിലെ മെയ്തെയ്, നാഗാ എംഎൽഎമാരുമായി യോഗം ചേർന്നതിനു ശേഷം ഇന്നലെയും മുഖ്യമന്ത്രി ബിരേൻ സിങ് ഗവർണറെ കണ്ടു. പരമ്പരാഗത ഭൂമി തട്ടിയെടുക്കാനുള്ള മെയ്തെയ് സംഘടനകളുടെ ശ്രമത്തിനെതിരെ അവസാനതുള്ളി രക്തവും ചിന്തുമെന്ന് കുക്കി ഗോത്ര സംഘടനകളുടെ ഏകോപനസമിതി കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി പ്രഖ്യാപിച്ചു. കുക്കി-സോ ഗോത്രങ്ങളെ വംശഹത്യ നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇനിയൊരിക്കലും മെയ്തെയ്കൾക്കൊപ്പം സഹകരിക്കാൻ പറ്റില്ലെന്നും പ്രത്യേക ഭരണപ്രദേശം വേണമെന്നും അവർ ആവശ്യപ്പെട്ടു.

ഒരാഴ്ചയ്ക്കിടയിൽ 11 പേരാണ് മെയ്തെയ് -കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ടത്.

അസം റൈഫിൾസിനെ പിൻവലിച്ചു; മെയ്തെയ്‌കളെ പ്രീതിപ്പെടുത്താനെന്ന് വിമർശനം

കൊൽക്കത്ത ∙ കലാപം തുടരുമ്പോഴും മണിപ്പുരിൽനിന്ന് അസം റൈഫിൾസിന്റെ 2 ബറ്റാലിയനെ കേന്ദ്രം പിൻവലിച്ചു. കശ്മീരിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നിയോഗിക്കാനാണ് 2,000 ജവാന്മാരെ പിൻവലിച്ചതെന്നാണു വിശദീകരണം. എന്നാൽ, മെയ്തെയ് വിഭാഗത്തെ പ്രീതിപ്പെടുത്തുന്നതിനായിട്ടാണ് നടപടിയെന്നാണു വിമർശനം.

അസം റൈഫിൾസിനു പകരം സിആർപിഎഫിലെ 2 ബറ്റാലിയനെ മണിപ്പുരിലേക്ക് അയച്ചിട്ടുണ്ട്. നേരത്തേ അസം റൈഫിൾസിനുണ്ടായിരുന്ന മേൽക്കൈ ഇതോടെ സിആർപിഎഫിനു ലഭിക്കും. നിലവിൽ 16 ബറ്റാലിയൻ സിആർപിഎഫ് സംസ്ഥാനത്തുണ്ട്. 1000 പേരാണ് ഒരു ബറ്റാലിയൻ അംഗബലം. അസം റൈഫിൾസിനെ പിൻവലിച്ച് സിആർപിഎഫിനെ കൂടുതലായി വിന്യസിക്കണമെന്ന് ആർമി ജനറൽ ശുപാർശ ചെയ്തിരുന്നു. 60,000 കേന്ദ്ര സേനയെയാണ് മണിപ്പുരിൽ വിന്യസിച്ചിട്ടുള്ളത്. മെയ്തെയ് സായുധസംഘങ്ങൾ കുക്കി മേഖലയിൽ കടന്നുകയറുന്നത് അസം റൈഫിൾസാണ് പ്രതിരോധിച്ചിരുന്നത്.  അസം റൈഫിൾസിനെ പിൻവലിക്കണമെന്നത് മെയ്തെയ് സംഘടനകളുടെ ആവശ്യമായിരുന്നു.

English Summary:

Curfew in Imphal Valley in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com