‘ഗോത്രവർഗക്കാരന് കിട്ടുന്നത് 10 പൈസ, ദലിതന് 5 രൂപ’: രാഹുൽ ഗാന്ധി; ലോക്സഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രമായിരുന്നില്ലെന്നും വിമർശനം
Mail This Article
വാഷിങ്ടൻ ∙ ഇന്ത്യയിൽ സംവരണം അവസാനിപ്പിക്കാറായിട്ടില്ലെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വിവേചനങ്ങളില്ലാത്ത സ്ഥിതി ഉണ്ടായാൽ സംവരണം നിർത്തുന്നതു കോൺഗ്രസ് ചിന്തിക്കുമെന്നും ജോർജ്ടൗൺ സർവകലാശാലയിൽ വിദ്യാർഥികളുമായുള്ള സംവാദത്തിൽ അദ്ദേഹം വ്യക്തമാക്കി. സംവരണം എത്രകാലം തുടരുമെന്നായിരുന്നു ചോദ്യം.
100 രൂപയിൽ ഗോത്രവർഗക്കാരനു കിട്ടുന്നത് 10 പൈസ മാത്രമാണ്. ദലിതർക്കു ലഭിക്കുന്നത് 5 രൂപയും. ഒബിസികളുടെ വിഹിതവും ശുഷ്കമാണ്. അവർക്കു വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ല. 90% ഇന്ത്യക്കാർക്കും അവസരമില്ലെന്നതാണു പ്രശ്നം. ഇന്ത്യയിലെ ബിസിനസ് തലവന്മാരുടെ കാര്യമെടുക്കൂ. ഒരു ദലിതനെയോ ഗോത്രവർഗക്കാരനെയോ കാണിച്ചുതരാമോ ? ഒബിസിയിൽനിന്ന് ഒരാളുണ്ടോ ? ഇന്ത്യയിലെ വലിയ 200 ബിസിനസുകാരെ എടുത്താൽ അതിൽ ഒരാൾ മാത്രമാണ് ഒബിസിയിൽനിന്നുള്ളതെന്ന് തോന്നുന്നു. ഒബിസി ജനസംഖ്യ ഇന്ത്യയുടെ 50 ശതമാനമാണ്.
ടെക്സസിലെ സംവാദങ്ങളിൽ നടത്തിയ ആർഎസ്എസ്, ബിജെപി വിമർശനം രാഹുൽ വാഷിങ്ടനിലും തുടർന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിനു തൊട്ടുപിന്നാലെ ഇന്ത്യയിൽ മോദി സൃഷ്ടിച്ച ഭയം മാഞ്ഞുപോയെന്ന് അദ്ദേഹം പറഞ്ഞു. ‘ആ ഭയം സൃഷ്ടിക്കാൻ അവർ വർഷങ്ങളെടുത്തു. ഒരുപാട് ആസൂത്രണവും പണവും ചെലവഴിച്ചു. അതെല്ലാം നിമിഷം കൊണ്ട് ആവിയായിപ്പോയി. 56 ഇഞ്ച് നെഞ്ചും ദൈവവുമായി നേരിട്ടു കണക്‌ഷനുമുള്ള മോദി എന്ന ആശയം ഇല്ലാതായി.’
ലോക്സഭാ തിരഞ്ഞെടുപ്പു സ്വതന്ത്രമായിരുന്നില്ല. വലിയ നിയന്ത്രണങ്ങളുണ്ടായിരുന്ന തിരഞ്ഞെടുപ്പു നരേന്ദ്ര മോദിക്കു നേട്ടമുണ്ടാക്കാൻ കഴിയുംവിധമായിരുന്നു ക്രമീകരിച്ചത്. മരവിപ്പിക്കപ്പെട്ട ബാങ്ക് അക്കൗണ്ടുകളുമായാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പു കമ്മിഷൻ ബിജെപിയുടെ ഇഷ്ടത്തിനനുസരിച്ചാണു പ്രവർത്തിച്ചത്.
ചില മതങ്ങളെയും ഭാഷയെയും സമുദായങ്ങളെയും ആർഎസ്എസ് മറ്റുള്ളവയെക്കാൾ താഴെയായാണു കാണുന്നതെന്ന് ഹേൺടനിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കവേ രാഹുൽ ആരോപിച്ചു. തമിഴ്, മറാഠി, ബംഗാളി, മണിപ്പൂരി... ഇതെല്ലാം അവർക്ക് താഴ്ന്ന ഭാഷകളാണ്. ഇന്ത്യയിലെ പോരാട്ടം രാഷ്ട്രീയത്തെച്ചൊല്ലിയല്ല, വിവേചനങ്ങൾക്കെതിരെയാണ്. 4 ദിവസത്തെ സന്ദർശനത്തിനാണു രാഹുൽ ഗാന്ധി യുഎസിൽ എത്തിയത്.