സൈബർ കുറ്റകൃത്യം തടയാൻ 5000 ‘സൈബർ കമാൻഡോകൾ’; വൻ പ്രഖ്യാപനവുമായി അമിത് ഷാ
Mail This Article
ന്യൂഡൽഹി∙ സൈബർ കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിച്ചുവരുന്നത് കണക്കിലെടുത്ത്, അതിനു തടയിടാൻ വമ്പൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രത്യേക പരിശീലനം നൽകിയ 5000 ‘സൈബർ കമാൻഡോകളെ’ രംഗത്തിറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ പ്രത്യേക പോർട്ടലും ഒരു ഡേറ്റ രജിസ്ട്രിയും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമുഖ ബാങ്കുകൾ, സാമ്പത്തിക ഇടനിലക്കാർ, ടെലികോം സേവന ദാതാക്കൾ, ഐടി ഇടനിലക്കാർ, സംസ്ഥാന– കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമ നിർവഹണ ഏജൻസികൾ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സൈബർ തട്ടിപ്പുകൾ നിയന്ത്രിക്കാനുള്ള പദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ ഏജൻസികളെല്ലാം ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഓൺലൈൻ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു.
മീവത്, ജമ്താര, അഹമ്മദാബാദ്, ഹൈദരാബാദ്, ചണ്ഡിഗഡ്, വിശാഖപട്ടണം, ഗുവാഹത്തി എന്നിവിടങ്ങളിൽ സൈബർ ഏകോപന സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഭാഗമായി വിവിധ സമൂഹമാധ്യമ പ്ലാറ്റ്‍ഫോമിലൂടെ ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.