ADVERTISEMENT

അഴിമതി, വ‍ഞ്ചന, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചാർത്തി ന്യൂയോർക്ക് ഫെഡറൽ കോടതി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ കേസ് എടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തതോടെ, മുറുകുന്നത് ഹിൻഡൻബർഗിനേക്കാൾ വലിയ കുരുക്ക്. ഗൗതം അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നു യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റും വ്യക്തമാക്കി. കേസും അറസ്റ്റ് വാറന്റും അദാനിക്കെതിരെയാണെങ്കിലും, അദാനി ഗ്രൂപ്പിന് ‘വഴിവിട്ട’ സഹായങ്ങൾ ചെയ്തുവെന്ന ആരോപണമുനയിലുള്ള നരേന്ദ്ര മോദി സർക്കാരിനെതിരെയാണ് ആരോപണത്തിന്റെ അമ്പ് പതിക്കുന്നതെന്നതാണു വിമർശനം. മോദി സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകി അദാനി ഗ്രൂപ്പ് കരാറുകൾ സ്വന്തമാക്കിയെന്നാണു യുഎസിലെ കുറ്റപത്രത്തിലുള്ളത്.

∙ എന്താണ് അദാനിക്കെതിരായ കേസ്?

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി നേരിട്ട് ഇടപെട്ട് കേന്ദ്രസർക്കാരിൽനിന്ന് അനധികൃതമായി വിവിധ കരാറുകൾ സ്വന്തമാക്കാൻ ശ്രമിച്ചുവെന്ന് കുറ്റപത്രം സൂചിപ്പിക്കുന്നു. അദാനി ഗ്രീൻ എനർജിക്കും മറ്റൊരു കമ്പനിക്കും 12 ഗിഗാവാട്ടിന്റെ സൗരോർജ പദ്ധതിക്ക് കരാർ ലഭിക്കാൻ കേന്ദ്ര സർക്കാരിലെ ഉദ്യോഗസ്ഥർക്ക് 25 കോടി ഡോളർ (ഏകദേശം 2,100 കോടി രൂപ) കൈക്കൂലി കൊടുത്തെന്നും ഈ പദ്ധതിവഴി 2 ദശാബ്ദം കൊണ്ട് 200 കോടി ഡോളർ (ഏകദേശം 16,000 കോടി രൂപ) ലാഭമുണ്ടാക്കാൻ ഉന്നമിട്ടെന്നുമാണു മുഖ്യ ആരോപണം. മാത്രമല്ല, കൈക്കൂലി നൽകിയതും കരാർ അനധികൃതമായി നേടിയതും മറച്ചുവച്ചും കള്ളം പറഞ്ഞും യുഎസ് നിക്ഷേപകരിൽനിന്നും രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളിൽനിന്നും 300 കോടി ഡോളർ (ഏകദേശം 25,000 കോടി രൂപ) സമാഹരിച്ചെന്നും ആരോപണമുണ്ട്.

ഗൗതം അദാനി, അനന്തരവനും അദാനി ഗ്രീൻ എനർജി എക്സിക്യുട്ടീവ് ഡയറക്ടറുമായ സാഗർ അദാനി, കമ്പനിയുടെ സിഇഒ വിനീത് ജെയ്ൻ, യുഎസ് കമ്പനിയായ അസ്യൂർ പവർ ഗ്ലോബലിന്റെ മുൻ എക്സിക്യുട്ടീവുമാരായ രഞ്ജിത് ഗുപ്ത, രൂപേഷ് അഗർവാൾ, കനേഡിയൻ നിക്ഷേപകരായ സിറിൾ കബേയ്ൻസ്, സൗരഭ് അഗർവാൾ, ദീപക് മൽഹോത്ര എന്നിവർക്കെതിരെയാണു കേസ്. കബേയ്ൻസ്, സൗരഭ് അഗർവാൾ, മൽഹോത്ര, രൂപേഷ് എന്നിവർ യുഎസ് ഫെഡറൽ ക്രിമിനൽ ആൻഡ് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മിഷനെ കബളിപ്പിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.

∙ എന്തുകൊണ്ട് യുഎസിൽ കേസും വാറന്റും?

കൈക്കൂലി കൊടുത്തെന്ന് ആരോപണമുള്ളത് ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്കാണെങ്കിലും ഗൗതം അദാനിയും ഗ്രൂപ്പിലെ ഉന്നതരും അതുവഴി ലക്ഷ്യമിട്ടത് യുഎസിൽ ഊർജപദ്ധതിയും അതു ചൂണ്ടിക്കാട്ടി യുഎഎസ് നിക്ഷേപകരിൽനിന്ന് മൂലധന സമാഹരണവുമാണ്. ഇതുസംബന്ധിച്ച ഇടപാടുകൾ ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് പരിധിയിലാണു നടന്നതെന്നതിനാലാണു യുഎസ് കേസ് എടുത്തത്. വ്യാജരേഖകൾ ചമച്ചാണു യുഎസിൽ കടപ്പത്രങ്ങളിറക്കി (ബോണ്ട്) മൂലധന സമാഹരണം നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. കുറ്റാരോപിതരിൽ കബേയ്ൻസ് ഒഴികെയുള്ളവരെല്ലാം ഇന്ത്യയിലാണുള്ളത്. കബേയ്ൻസ് ഓസ്ട്രിലേയൻ-ഫ്രഞ്ച് സ്വദേശിയാണ്. യുഎസ് നിക്ഷേപകരെ കബളിപ്പിച്ച് 17.5 കോടി ഡോളർ (1,500 കോടി രൂപ) സമാഹരിച്ചുവെന്ന് കാട്ടി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ സിവിൽ കേസും അദാനിക്കെതിരെ സമർപ്പിച്ചിട്ടുണ്ട്. 

∙ ഹിൻഡൻബർഗിനേക്കാൾ വലിയ ബോംബ്!

2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ കടുത്ത ആരോപണങ്ങളുമായി യുഎസ് ഷോർട്ട്സെല്ലർമാരും നിക്ഷേപ ഗവേഷണസ്ഥാപനവുമായ ഹിൻഡൻബർഗ് റിസർച്ച് രംഗത്തെത്തിയത്. വിദേശത്തെ കടലാസ് കമ്പനികൾ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിലേക്കു നിക്ഷേപം ഒഴുക്കിയെന്നും അതുവഴി ഓഹരിവില കൃത്രിമമായി പെരുപ്പിച്ചശേഷം അവ ഈടുവച്ച് അനധികൃത നേട്ടമുണ്ടാക്കിയെന്നുമാണ് ഹിൻഡൻബർഗ് പ്രധാനമായും ആരോപിച്ചത്. ഹിൻഡൻബർഗ് ആഞ്ഞടിച്ചതിനു പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളുടെ മൂല്യത്തിൽനിന്ന് 15,000 കോടി ഡോളറോളം (ഏകദേശം 12 ലക്ഷം കോടി രൂപ) കൊഴിഞ്ഞുപോയി.

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ അദാനിക്കും സെബി മേധാവി മാധബി പുരി ബുച്ചിനുമെതിരെ ഹിൻഡൻബർഗ് വീണ്ടും ആരോപണമുന്നയിച്ചു. അദാനിയുടെ വിദേശത്തെ കടലാസ് കമ്പനികളിൽ മാധബിക്കും കുടുംബത്തിനും നിക്ഷേപപങ്കാളിത്തമുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ, വ്യക്തമായ തെളിവുകൾ ഇതുസംബന്ധിച്ച് ഇല്ലായിരുന്നെന്നത് ഒരുപരിധിവരെ ആരോപണങ്ങളുടെ മുനയൊടിച്ചു. എന്നാൽ, നിലവിൽ യുഎസ് എടുത്തകേസ് കൂടുതൽ കുരുക്കാവുന്നതാണ്. അദാനിക്കെതിരെ ചിത്രം, മൊബൈൽഫോൺ രേഖകൾ, എക്സൽ, പവർപോയിന്റ് ഫയലുകൾ തുടങ്ങിയ വ്യക്തമായ തെളിവുകളുണ്ടെന്നു യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഇക്കാര്യത്തിൽ അദാനി പ്രതികരിച്ചിട്ടില്ല.

∙ ഗൗതം അദാനി, ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നൻ

ഇന്ത്യയിലെയും ഏഷ്യയിലെയും രണ്ടാമത്തെ വലിയ സമ്പന്നനാണു ഗൗതം അദാനി. ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 8,550 കോടി ഡോളർ (7.21 ലക്ഷം കോടി രൂപ) ആസ്തിയുമായി 18-ാമതാണ് അദാനി. 17-ാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും സമ്പന്നൻ; ആസ്തി 9,430 കോടി ഡോളർ (7.95 ലക്ഷം കോടി രൂപ).

English Summary:

The US court files charges against Adani Group Chairman Gautam Adani, alleging corruption, fraud, and conspiracy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com