‘എല്ലാം ഞങ്ങളേറ്റു’; പീതാംബരന്റെ കുടുംബത്തിന് സിപിഎമ്മിന്റെ രഹസ്യസഹായം
Mail This Article
കാസർകോട് ∙ പെരിയ ഇരട്ടക്കൊലപാതക്കേസിൽ അറസ്റ്റിലായ എ.പീതാംബരന്റെ വീട്ടിലെത്തി സിപിഎം മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ അടക്കമുള്ളവർ പണവും നിയമസഹായവും വാഗ്ദാനം ചെയ്തതായി കുടുംബത്തിന്റെ വെളിപ്പെടുത്തൽ. പാർട്ടി അറിയാതെ പീതാംബരൻ തനിച്ചു കൊലപാതകം നടത്തില്ലെന്നും മറ്റാർക്കോ വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നുമുള്ള ഭാര്യ മഞ്ജുവിന്റെയും അമ്മ തമ്പായിയുടെയും നിലപാട് രാവിലെ ചാനലുകളിലൂടെ പുറത്തുവന്നതിനു പിന്നാലെ നേതാക്കൾ വീട്ടിലെത്തി.
പിന്നീടു പ്രതികരണം തേടിയവരോടു വീട്ടുകാർ ആദ്യം പറഞ്ഞതിങ്ങനെ–‘‘ഞങ്ങളുടെ വിഷമം കൊണ്ടാണ് അങ്ങനെയെല്ലാം പറഞ്ഞത്. ഇനിയൊന്നും പറയാനില്ല.’’ പാർട്ടിക്ക് ഇക്കാര്യങ്ങളിലൊന്നും ബന്ധമില്ലെന്നും മാധ്യമങ്ങളോടു കൂടുതൽ കാര്യങ്ങൾ സംസാരിക്കരുതെന്നു വിലക്കിയിട്ടുണ്ടെന്നും പറഞ്ഞ ഇവർ, പിന്നീടാണു സഹായവാഗ്ദാനം ഉൾപ്പെടെയുള്ള വിവരങ്ങൾ തുറന്നുപറഞ്ഞത്.
പ്രതികൾ ദാക്ഷിണ്യം പ്രതീക്ഷിക്കേണ്ടെന്നും പാർട്ടി സംരക്ഷിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കെയാണു രഹസ്യ സഹായവാഗ്ദാനം.
ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരനെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ഇനി എല്ലാ കാര്യത്തിനും ഒപ്പമുണ്ടാകുമെന്നും ഒന്നും ഭയപ്പെടേണ്ടെന്നും ഇന്നലെ വീട്ടിലെത്തിയ നേതാക്കൾ ഉറപ്പുനൽകി. പാർട്ടിക്കു വേണ്ടി ജീവിച്ച പീതാംബരനെ കൈവിടില്ലെന്നും പറഞ്ഞു. പണം നൽകാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ വാങ്ങിയില്ല. പുറമേ നിന്നുവന്ന ആരൊക്കെയോ ചേർന്നാണു കൊലപാതകം നടത്തിയതെന്നും പാർട്ടിക്കു വേണ്ടി പീതാംബരൻ കുറ്റം സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നുമാണു കുടുംബം കരുതുന്നത്.
∙ എന്റെ മകന്റെ ജീവിതം നശിച്ച ശേഷം ഇനി എനിക്കു പണം വേണ്ടെന്നു പറഞ്ഞു.
– പീതാംബരന്റെ അമ്മ എ.തമ്പായി (സിപിഎം നേതാക്കൾ പണം നൽകാൻ ശ്രമിച്ചതിനെക്കുറിച്ച് )
∙ ഇരട്ടക്കൊലപാതകം പൈശാചികവും മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണ്. ഇത്തരം പ്രവൃത്തി ചെയ്യുന്നവരെ പാർട്ടിയിൽ വച്ചു പൊറുപ്പിക്കാനാവില്ല. ഉന്മൂലനം സിപിഎമ്മിന്റെ രീതിയല്ല. അംഗങ്ങളിൽ അത്തരം ചിന്തകളുണ്ടാകുന്നതു ഗുരുതര വ്യതിയാനമാണ്. ഈ നിഷ്ഠുര കൊലപാതകങ്ങൾ നടത്തിയവർ ആരായാലും അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസിനു കഴിയണം.
– മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ
∙ രാവിലെ 10.30: പീതാംബരന്റെ കുടുംബം
കൊല നടത്തിയെങ്കിൽ പാർട്ടി അറിവോടെ
പീതാംബരൻ സ്വന്തം നിലയ്ക്കു കൊലപാതകം നടത്താൻ സാധ്യതയില്ല. കൊലപാതകം നടത്തിയിട്ടുണ്ടെങ്കിൽ പാർട്ടി അറിവോടെയായിരിക്കും. കൊല്ലപ്പെട്ട യുവാക്കളുമായി മുൻപു പ്രശ്നമുണ്ടായിരുന്നു. അന്നത്തെ മർദനത്തിൽ കൈക്കു ഗുരുതര പരുക്കേറ്റ് കയ്യിൽ സ്റ്റീൽ കമ്പി ഇട്ടിരുന്നു. അതിനു ശേഷം സ്വന്തം കാര്യങ്ങൾ ചെയ്യാൻ പോലും പരസഹായം വേണം. ഈ അവസ്ഥയിൽ കൊലപാതകത്തിൽ പങ്കാളിയായെന്നു വിശ്വസിക്കുന്നില്ല. മറ്റാർക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നു.
(പീതാംബരന്റെ വീട്ടിൽ സിപിഎം നേതാക്കളെത്തിയതു തൊട്ടുപിന്നാലെ 11 മണിയോടെ)
∙ ഉച്ച കഴിഞ്ഞ് 3.05: കോടിയേരി ബാലകൃഷ്ണൻ
താനാണു പാർട്ടിയെന്ന് കരുതിക്കാണും
ഭർത്താവ് ഭാര്യയെക്കൊണ്ടു പറയിച്ചതാകാം. ചെയ്യുന്നയാൾ വിചാരിക്കുന്നത് താനാണു പാർട്ടിയെന്നാണ്. അതല്ല പാർട്ടി. ഒരാൾ പാർട്ടി ആണെന്നു പറഞ്ഞ് എന്തെങ്കിലും ചെയ്താൽ അതു പാർട്ടി നിലപാടാകില്ല. കാസർകോട്ടു നടന്നതു പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നു ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റികൾ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിക്ക് അങ്ങനെയൊരു ആലോചനയില്ലായിരുന്നു. പാർട്ടി നിലപാട് അവർ (പീതാംബരന്റെ ഭാര്യ) അംഗീകരിക്കണമെന്നില്ല. ഇതിൽപ്പെട്ട ആളുകൾ സ്വാഭാവികമായും അങ്ങനെയല്ലേ പറയൂ ? പെട്ടു പോയതിന്റെ വിഷമത്തിലുള്ള അഭിപ്രായ പ്രകടനം മാത്രമാണത്.
∙ ഉച്ച കഴിഞ്ഞ് 3.15: പീതാംബരന്റെ കുടുംബം (നേതാക്കളുടെ സന്ദർശനശേഷം ചാനലുകളോട്)
ഇനി ഒന്നും പറയാനില്ല
ഞങ്ങൾക്ക് മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാനില്ല. ഞങ്ങളുടെ അപ്പോഴത്തെ വിഷമം കൊണ്ട് ചില കാര്യങ്ങൾ പറഞ്ഞതാണ്. ഇനി ഒന്നും പറയാനില്ല.
(തുടർന്നു ചാനൽ പ്രവർത്തകർ മടങ്ങിയ ശേഷമാണു പാർട്ടിയുടെ സഹായവാഗ്ദാനം വെളിപ്പെടുത്തിയത്).