ADVERTISEMENT

തിരുവനന്തപുരം∙ ഉപഗ്രഹകണ്ണുകളിൽ കഴിഞ്ഞ 55 ദിവസത്തിനിടെ പതിഞ്ഞതു സംസ്ഥാനത്തെ ചെറുതും വലുതുമായ 567 തീപിടിത്തങ്ങൾ! നാസയുടെ ഉപഗ്രഹ സംവിധാനമായ ലാൻസ് ഫേംസ് (LANCE FIRMS), യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് സെന്റിനൽ എന്നിവയിൽ നിന്നു ജനുവരി ഒന്നു മുതൽ ലഭിച്ച ചിത്രങ്ങളിൽ നിന്നാണു തീപിടിത്തങ്ങളുടെ എണ്ണം തിട്ടപ്പെടുത്തിയത്.

Bandipur-fire-JPG
ബന്ദിപ്പൂർ

വാഷിങ്ടൻ കേന്ദ്രമായ വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ പ്രോജക്‌ട് അസോഷ്യേറ്റായ രാജ് ഭഗത് ആണ് 'മനോരമ'യ്ക്കു വേണ്ടി ഉപഗ്രഹചിത്രങ്ങൾ വിലയിരുത്തി പ്രത്യേക മാപ്പ് തയാറാക്കിയത്. ഏറ്റവും കൂടുതൽ തീപിടിത്ത സ്ഥലങ്ങൾ ഇടുക്കിയിലാണ്, 190. കക്കി റിസർവോയറിനു സമീപം കാടിനുള്ളിൽ 23 ന് ചെറിയ തോതിൽ തീ പടരുന്നതായി ഉപഗ്രഹ ചിത്രം വ്യക്തമാക്കുന്നു. എന്നാൽ ഇതുസംബന്ധിച്ച് പരിസരവാസികൾക്കോ അഗ്നിശമനസേനയ്ക്കോ വിവരമില്ല. പലപ്പോഴും കാടുകൾക്കുള്ളിലുണ്ടാകുന്ന ഒറ്റപ്പെട്ട തീപിടിത്തങ്ങൾ ഔദ്യോഗിക കണക്കുകളിൽ വരാറില്ല, എന്നാൽ ഉപഗ്രഹ ചിത്രങ്ങളിൽ ഇവ വ്യക്തമായിരിക്കും.

ഓരോ ദിവസത്തെയും 4 ഉപഗ്രഹചിത്രങ്ങൾ വീതമാണു വിലയിരുത്തിയത്. ഇതിൽ നിന്നുള്ള വിവരങ്ങൾ ഒറ്റ മാപ്പിലേക്കു ചേർത്തു. മൾട്ടി സ്പെക്ട്രൽ സംവിധാനമുള്ള ഉപഗ്രഹങ്ങൾക്കു ഭൂമിയിൽ ഓരോ ഭാഗത്തും തീ മൂലം താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കണ്ടെത്താൻ കഴിയും. ഇതു പ്രത്യേക കംപ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ചു വേർതിരിക്കും. കാടുകളിൽ കത്തിത്തീർന്ന ഭാഗങ്ങളും വ്യക്തമായി കാണാനാകും.

കേരളത്തിനു പുറത്തു ബന്ദിപ്പൂരിലും കന്യാകുമാരിയിലും തീപിടിത്തസ്ഥലങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്നു ചിത്രങ്ങൾ വ്യക്തമാക്കുന്നു. വയനാട് ബാണാസുര മലയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ അടുത്ത ദിവസമേ ലഭ്യമാകൂ. 

raj-bagath-mapping-fire-JPG
രാജ് ഭഗത്

ഉപഗ്രഹക്കണ്ണുകളിൽ പതിഞ്ഞത്

ജില്ല- തീപിടിത്തങ്ങളുടെ എണ്ണം
ഇടുക്കി - 190
പാലക്കാട് - 118
തൃശൂർ - 74
വയനാട് - 67
കോട്ടയം - 26
മലപ്പുറം - 23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com