യാത്രകൾ അവസാന ലാപ്പിൽ; ഇനി സ്ഥാനാർഥി നിർണയം
Mail This Article
തിരുവനന്തപുരം ∙ എൽഡിഫും യുഡിഎഫും ഇൗയാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിലേക്കു കടക്കും. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും നയിക്കുന്ന കേരള സംരക്ഷണ യാത്ര മാർച്ച് 2ന് പൂർത്തിയാക്കും. 3, 4 തിയതികളിലാണ് സിപിഎം കേന്ദ്ര കമ്മിറ്റി. 5ന് സംസ്ഥാന സെക്രട്ടേറിയറ്റ്. 6നും 7നും സംസ്ഥാന കമ്മിറ്റി സ്ഥാനാർഥി നിർണയം നടത്തും. 7ന് എൽഡിഎഫ് സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കും.
കോൺഗ്രസിന്റെ ജനമഹായാത്ര 28 നാണ് തിരുവനന്തപുരത്തു സമാപിക്കുകയെങ്കിലും സീറ്റ് വിഭജന ചർച്ചയ്ക്കായി 26ന് കൊച്ചിയിൽ യുഡിഎഫ് ചേരും. കൺവീനർ ബെന്നി ബഹനാന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് രമേശ് ചെന്നിത്തല അടക്കമുള്ളവരുമായി ചർച്ച നടത്തി.
സ്ത്രീകൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകണമെന്ന ആവശ്യം കോൺഗ്രസിൽ ഉയർന്നിട്ടുണ്ടെങ്കിലും വിജയസാധ്യത എന്ന മാനദണ്ഡത്തിലേക്ക് കാര്യങ്ങൾ എത്താനാണിട. ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജെബി മേത്തർ എന്നിവരാണ് പരിഗണനയിലുള്ള വനിതകൾ. അടൂർ പ്രകാശ് അടക്കമുള്ള സിറ്റിങ് എംഎൽഎമാർക്ക് ഇളവു ലഭിച്ചേക്കും.
സ്ഥാനാർഥി നിർണയത്തിൽ വ്യക്തമായ മാനദണ്ഡങ്ങളില്ലാതെയാണ് സിപിഎം നീങ്ങുന്നത്. ജോയ്സ് ജോർജ്, എം.ബി. രാജേഷ്, പി.കെ. ബിജു എന്നീ എംപിമാർക്ക് പച്ചക്കൊടി ലഭിച്ചിട്ടുണ്ട്.
ബിജെപിയുടെ സാധ്യതാപട്ടിക കേന്ദ്രത്തിനു മുന്നിലുണ്ട്. ആർഎസ്എസിന്റെ താൽപര്യങ്ങൾ നിർണായകമാണ്. ബിഡിജെഎസ് ഒഴികെ മറ്റു കക്ഷികളുമായി ബിജെപി ഇതുവരെ ചർച്ച ആരംഭിച്ചിട്ടില്ല. 3 മൂന്നണികളിലെയും സ്ഥാനാർഥി സാധ്യതകളിലേക്ക്...
തിരുവനന്തപുരം
യുഡിഎഫ് സ്ഥാനാർഥിയായി ശശി തരൂർ തന്നെ എത്തും. ഒന്നിന് ചേരുന്ന സിപിഐ ജില്ലാ കൗൺസിൽ കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ജി.ആർ അനിൽ എന്നീ പേരുകൾ നൽകാനാണ് സാധ്യത. മിസോറം ഗവർണർ കുമ്മനം രാജശേഖരനെ ബിജെപി മൽസരിപ്പിച്ചേക്കും. കെ. സുരേന്ദ്രൻ, പി.എസ്. ശ്രീധരൻ പിള്ള, സുരേഷ് ഗോപി എംപി, ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ, സി.വി. ആനന്ദബോസ് എന്നിവരുടെ പേരുകളും കേൾക്കുന്നു.
ആറ്റിങ്ങൽ
സിപിഎമ്മിൽ എ. സമ്പത്ത് തന്നെ മൽസരിച്ചേക്കും. എന്നാൽ, നാലാം തവണയും സമ്പത്തിന് അവസരം നൽകണോ എന്നു പാർട്ടി ആലോചിക്കുന്നു. യുവജന കമ്മിഷൻ വൈസ് ചെയർമാൻ പി. ബിജു, എസ്.പി. ദീപക്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം തുടങ്ങിയ പേരുകളും ചർച്ചയിലാണ്. അടൂർ പ്രകാശ് എംഎൽഎയെ കോൺഗ്രസ് ആലോചിക്കുന്നു. വനിതാ പ്രാതിനിധ്യത്തിനു നറുക്കുവീണാൽ ബിന്ദു കൃഷ്ണ എത്തും. ശോഭാ സുരേന്ദ്രൻ, ജെ. ആർ. പത്മകുമാർ എന്നിവരെ ബിജെപി പരിഗണിക്കുന്നു.
കൊല്ലം
യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ തന്നെ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാലിന്റെ പേര് ഏതാണ്ടു തീർച്ചയാണ്. ബിജെപിയിൽ സുരേഷ് ഗോപി, മുൻ കൊല്ലം കലക്ടർ സി.വി. ആനന്ദബോസ്, മുൻ ഡിജിപി: ടി.പി. സെൻകുമാർ എന്നിവർ പരിഗണനയിൽ.
പത്തനംതിട്ട
യുഡിഎഫിൽ ആന്റോ ആന്റണി എംപിക്കും പി.സി. വിഷ്ണുനാഥിനുമാണ് മുൻതൂക്കം. സിപിഎം കെ.ജെ. തോമസിനെയും ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജിനെയും പരിഗണിക്കുന്നു. ബിജെപി പട്ടികയിൽ സുരേഷ് ഗോപി, എം.ടി. രമേശ്, അൽഫോൻസ് കണ്ണന്താനം എന്നിവരുണ്ട്.
മാവേലിക്കര
കൊടിക്കുന്നിൽ സുരേഷ് മാത്രമാണു യുഡിഎഫിന്റെ പരിഗണനയിൽ. മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സിപിഐ പരിഗണിക്കുന്നു. എൽഡിഎഫ് സ്വതന്ത്രനായി കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ, എഐവൈഎഫ് നേതാവ് അരുൺ കുമാർ എന്നിവരെയും പരിഗണിക്കുന്നുണ്ട്. എൻഡിഎ സീറ്റ് ബിഡിജെഎസിനു നൽകിയാൽ ടി.വി. ബാബു മത്സരിച്ചേക്കും. ബിജെപിക്കാണു സീറ്റെങ്കിൽ പി.എം.വേലായുധനും.
ആലപ്പുഴ
എ.എം. ആരിഫ്, കെ.ടി. മാത്യു, സി.എസ്. സുജാത എന്നിവരാണ് എൽഡിഎഫ് പരിഗണനയിലുള്ളത്. യുഡിഎഫ് കെ.സി. വേണുഗോപാലിന്റെ പേരു മാത്രമേ പരിഗണിക്കുന്നുള്ളൂ. ബിജെപിക്കാണു സീറ്റെങ്കിൽ എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ തുടങ്ങിയവർക്കു സാധ്യത.
കോട്ടയം
യുഡിഎഫ് സീറ്റ് ആർക്കെന്നു തീരുമാനമായിട്ടില്ല. കോട്ടയം നിലവിൽ കേരള കോൺഗ്രസിനാണ് (എം). ഇടുക്കി, കോട്ടയം സീറ്റുകൾ വച്ചു മാറുമെന്നും ഉമ്മൻ ചാണ്ടി സ്ഥാനാർഥിയാകുമെന്നും അഭ്യൂഹം. കേരള കോൺഗ്രസ് കോട്ടയത്തിനു പുറമെ ഇടുക്കിയോ, ചാലക്കുടിയോ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എൽഡിഎഫിന്റെ സീറ്റ് നിലവിൽ ജനതാദളിനാണ് (എസ്). സിപിഎം ഏറ്റെടുത്താൽ വി.എൻ. വാസവൻ, കെ.ജെ. തോമസ്, സുരേഷ് കുറുപ്പ് തുടങ്ങിയവരിൽ ഒരാൾ വന്നേക്കും. ജനതാദളിനു ലഭിച്ചാൽ ജോർജ് തോമസ്, മാത്യു ടി. തോമസ്, കെ.ടി. കുര്യൻ എന്നിവർക്കു സാധ്യത. എൻഡിഎയിൽ പി.സി. തോമസിന്റെ പേരാണു മുന്നിൽ.
ഇടുക്കി
ജോയ്സ് ജോർജിന് വീണ്ടും അവസരം നൽകണമെന്ന വാദം എൽഡിഎഫിൽ ശക്തം. സിപിഎമ്മിന്റെ സീറ്റിൽ സ്വതന്ത്രൻമാരെ നിർത്തരുതെന്ന വാദവുമുണ്ട്. മണ്ഡലം തിരിച്ചു പിടിക്കാൻ ഉമ്മൻചാണ്ടി വരണമെന്ന ആവശ്യം ശക്തമാണ്. ഡീൻ കുര്യാക്കോസ്, റോയി കെ. പൗലോസ്, മാത്യു കുഴൽനാടൻ, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളും കേൾക്കുന്നു. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണു ബിഡിജെഎസ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം.
എറണാകുളം
കെ.വി. തോമസിനു തന്നെ യുഡിഎഫിൽ മുൻതൂക്കം. പരസ്യമായി മറ്റൊരു നേതാവും സീറ്റിനായി രംഗത്തില്ലെങ്കിലും ഡിസിസി അധ്യക്ഷൻ ടി.ജെ. വിനോദിന്റെ പേരും പരിഗണിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ്, ഇന്നസന്റ്, പറവൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പള്ളി, സെബാസ്റ്റ്യൻ പോളിന്റെ മകൻ ഡോൺ ബാസ്റ്റിൻ എന്നിവരുടെ പേരുകളാണ് എൽഡിഎഫിൽ മുന്നിൽ. എൻഡിഎയിൽ പരിഗണനയിലുള്ളതു ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാറിന്റെ പേരാണ്.
ചാലക്കുടി
കെ.പി. ധനപാലനും ബെന്നി ബഹനാനും കെ. ബാബുവും യുഡിഎഫിന്റെ ചർച്ചകളിലുണ്ട്. എൽഡിഎഫിൽ ഇന്നസന്റിന്റെയും പി.രാജീവിന്റെയും പേരുകൾ മുന്നിൽ. മൽസരിക്കാനില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും പാർട്ടി നിർദേശിച്ചാൽ മൽസരിക്കുമെന്നാണ് ഇപ്പോൾ ഇന്നസന്റിന്റെ നിലപാട്. എൻഡിഎ മുന്നണിയിൽ ഘടകകക്ഷികളിലാരും ചാലക്കുടിക്കായി അവാശവാദവുമായി രംഗത്തെത്തിയിട്ടില്ല.
തൃശൂർ
കോൺഗ്രസ് സ്ഥാനാർഥിയായി വി.എം. സുധീരനോ ടി.എൻ. പ്രതാപനോ വന്നേക്കും. സിപിഐ സ്ഥാനാർഥിയായി സി.എൻ. ജയദേവനോ കെ.പി. രാജേന്ദ്രനോ മത്സരിക്കും. ബിജെപിയുടെ ഒന്നാമത്തെ പരിഗണന കെ. സുരേന്ദ്രനാണ്. രണ്ടാമത്തെ സാധ്യത അൽഫോൻസ് കണ്ണന്താനത്തിനും.
ആലത്തൂർ
കോൺഗ്രസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ, എൻഎസ്‍യു ദേശീയ കോ ഓർഡിനേറ്റർ ശ്രീലാൽ ശ്രീധർ, പി.കെ.സുധീർ എന്നിവർക്കു സാധ്യത. സിപിഎമ്മിൽ പി.കെ. ബിജു മാറി പകരം കെ. രാധാകൃഷ്ണൻ മത്സരിക്കുമെന്നു പ്രചരണമുണ്ട്. എൻഡിഎയുടെ സീറ്റ് ബിഡിജെഎസിനോ ബിജെപിക്കോ എന്ന ധാരണ ആയിട്ടില്ല.
പാലക്കാട്
സിപിഎമ്മിൽ എം.ബി. രാജേഷ് മൂന്നാമതും മത്സരിക്കാൻ സാധ്യത. ഇല്ലെങ്കിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ. പ്രേംകുമാർ വന്നേക്കും. കോൺഗ്രസിൽ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്റെ പേരാണു പരിഗണനയിൽ. സുമേഷ് അച്യുതൻ, വി.എസ്. വിജയരാഘവൻ എന്നിവരുടെ പേരും ഉയരുന്നു. ബിജെപിയിൽ പാലക്കാട് മേഖലാ ജാഥ നയിക്കാൻ ശോഭ സുരേന്ദ്രനെ നിയോഗിച്ചതോടെ സാധ്യതയേറി. സി. കൃഷ്ണകുമാറും പരിഗണിക്കപ്പെടാം.
പൊന്നാനി
മലപ്പുറം-പൊന്നാനി മണ്ഡലങ്ങൾ വച്ചുമാറുന്നതു സംബന്ധിച്ചു ലീഗിൽ ചർച്ച ഉണ്ടായില്ലെങ്കിൽ ഇ.ടി. മുഹമ്മദ് ബഷീർ വീണ്ടും മത്സരിക്കും. നിയാസ് പുളിക്കലകത്തിനെ സിപിഎം പരിഗണിക്കുന്നു. മേഖലാ ജനറൽ സെക്രട്ടറി കെ. നാരായണൻ, ജില്ലാ ജനറൽ സെക്രട്ടറി രവി തേലത്ത് എന്നിവർക്കാണു ബിജെപിയിൽ സാധ്യത.
മലപ്പുറം
മുസ്‌ലിം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ ജനവിധി തേടിയേക്കും. എം.ബി. ഫൈസലിനെ സിപിഎം ഇറക്കിയേക്കാം. സ്വതന്ത്ര സ്‌ഥാനാർഥി സാധ്യതയും തള്ളാനാവില്ല. സംസ്‌ഥാന സെക്രട്ടറി എ.കെ. നസീർ, കഴിഞ്ഞ തവണ മത്സരിച്ച എൻ. ശ്രീപ്രകാശ് എന്നിവരെ ബിജെപി പരിഗണിക്കുന്നു.
കോഴിക്കോട്
യുഡിഎഫിൽ എം.കെ. രാഘവൻ വീണ്ടും വന്നേക്കും. രാഘവനോടു തോറ്റ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് വീണ്ടും സിപിഎമ്മിനായി ഇറങ്ങും. എം.ടി. രമേശിനെയാണ് ബിജെപി പരിഗണിക്കുന്നത്.
വടകര
മുല്ലപ്പള്ളി രാമചന്ദ്രൻ മൽസരിക്കില്ലെന്നു വ്യക്തമാക്കിയതോടെ സാധ്യത കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ തവണ മുല്ലപ്പള്ളിയോടു തോറ്റ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. സതീദേവിയെ ആണ് സിപിഎം പരിഗണിക്കുന്നത്. എൻഡിഎ സീറ്റ് ബിഡിജെഎസിനു നൽകിയേക്കും.
വയനാട്
കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ധിഖ്, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, എം.എം. ഹസൻ, ഷാനിമോൾ ഉസ്മാൻ എന്നിവരെ പരിഗണിക്കുന്നു. കൂടുതൽ സാധ്യത സിദ്ധിഖിനും പ്രകാശിനും. എൽഡിഎഫിൽ സത്യൻ മൊകേരി, പി.പി. സുനീർ എന്നിവരാണ് അന്തിമ ഘട്ടത്തിൽ. എൻഡിഎ സീറ്റ് ബിഡിജെഎസിനു നൽകിയേക്കും. വയനാട് ജില്ലാ പ്രസിഡന്റ് എൻ.കെ. ഷാജിയുടെ പേര് കേൾക്കുന്നു.
കണ്ണൂർ
എൽഡിഎഫിൽ പി.കെ. ശ്രീമതിക്കു തന്നെ സാധ്യത. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പേര് ആദ്യം പരിഗണിച്ചിരുന്നു. ഷുക്കൂർ കേസിൽ കൊലക്കുറ്റം ചുമത്തിയതോടെ സാധ്യത മങ്ങി. എം.വി. ഗോവിന്ദൻ, വി. ശിവദാസൻ എന്നിവരുടെ പേരുകളും ചർച്ചയിൽ. യുഡിഎഫ് സ്ഥാനാർഥിയായി കെ. സുധാകരനാണു മുൻതൂക്കം. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, എ.പി. അബ്ദുല്ലക്കുട്ടി എന്നിവർക്കാണ് പിന്നെ സാധ്യത. സംസ്ഥാന സെൽ കോ ഓർഡിനേറ്റർ കെ. രഞ്ജിത്ത്, കർഷകമോർച്ച നേതാവ് പി.സി. മോഹനൻ എന്നിവരെ ബിജെപി പരിഗണിക്കുന്നു.
കാസർകോട്
സിപിഎം പരിഗണിക്കുന്നത് കെ.പി. സതീശ് ചന്ദ്രൻ, എം വി. ഗോവിന്ദൻ എന്നിവരെ. വി.പി.പി. മുസ്തഫയെയും പരിഗണിച്ചിരുന്നെങ്കിലു പെരിയ കൊലപാതകം പ്രതികൂലമായേക്കും. കെപിസിസി നിർവാഹക സമിതി അംഗം ബി. സുബ്ബയറൈ, ഡിസിസി ജനറൽ സെക്രട്ടറി പെരിയ ബാലകൃഷ്ണൻ, കെ. സുധാകരൻ എന്നിവരെ കോൺഗ്രസ് പരിഗണിക്കുന്നു. ഡിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ വിസിയുമായിരുന്ന ഖാദർ മാങ്ങാട്, ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ എന്നിവരുടെയും പേര് ഉയരുന്നു. ബിജെപിയിൽ പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ എന്നിവർക്കു സാധ്യത.