സൂര്യാഘാതം: കർഷകൻ പാടത്ത് വീണു മരിച്ചു
Mail This Article
കൊട്ടിയം (കൊല്ലം) ∙ പാടത്തു ജോലിയിലായിരുന്ന കർഷകൻ സൂര്യാഘാതമേറ്റു മരിച്ചു. നെടുമ്പന പഞ്ചായത്തിൽ ഇളവൂർ അജിത് ഭവനത്തിൽ രാജൻ നായർ (63) ആണു മരിച്ചത്. ഇളവൂർ പാടശേഖരസമിതി പ്രസിഡന്റാണ്. ഇന്നലെ പകൽ 12.15നാണ് ഇളവൂരുള്ള പാടത്തിനു സമീപത്തു കൂടി നടന്നു വന്നയാൾ രാജൻ നായരെ ബോധരഹിതനായ നിലയിൽ കണ്ടത്. പല തവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉടൻ ബന്ധുക്കളെ വിവരം അറിയിച്ചു. ഇവർ എത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അരമണിക്കൂർ മുമ്പേ മരണം സംഭവിച്ചെന്നു ഡോക്ടർമാർ പറഞ്ഞു.
സൂര്യാഘാതമാണ് മരണകാരണമായതെന്നാണു പ്രാഥമിക വിവരം. ഇതിന്റെ ലക്ഷണങ്ങൾ തൊലിപ്പുറമേ കണ്ടെത്തി. നെറ്റിയിലും കഴുത്തിലും കൈകാലുകൾക്കും പൊള്ളലേറ്റു തൊലി ചുവന്ന നിലയിലായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഇവ കറുത്തു തുടങ്ങി.
അതേസമയം, കർഷകന്റെ മരണം സൂര്യാഘാതം മൂലമാണെന്നു പോസ്റ്റ്മോർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളു എന്നു ഡിഎംഒ ഡോ.വി.വി.ഷേർളി പറഞ്ഞു. മരച്ചീനി കർഷകനായ രാജൻ നായർ സമീപവാസിയുടെ ഉടമസ്ഥതയിലുളള പാടത്താണു കൃഷി ചെയ്യുന്നത്. സാധാരണ സഹോദരനൊപ്പമാണു പാടത്തിറങ്ങുന്നത്. ഇന്നലെ ഒറ്റയ്ക്കാണു കൃഷിസ്ഥലത്തെത്തിയത്. കുടിക്കാനായി ആവശ്യത്തിനു വെള്ളവും കരുതിയിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പൊലീസ് കേസെടുത്തു. ഭാര്യ: ഇന്ദിര. മക്കൾ: അജിത്, ആര്യ. മരുമക്കൾ: രഞ്ജിത്, അഞ്ജു.