ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീത ഗോപിനാഥിന്റെ രാജി സർക്കാർ അംഗീകരിച്ചതു രാജിക്കത്ത് ലഭിച്ച് 5 മാസത്തിനു ശേഷം. ഐഎംഎഫിന്റെ (രാജ്യാന്തര നാണ്യനിധി) ചീഫ് ഇക്കണോമിസ്റ്റ് ആയി നിയമിക്കപ്പെട്ടതിനെത്തുടർന്നാണു ഗീത കഴിഞ്ഞ ഒക്ടോബർ 10 ന് രാജി സമർപ്പിച്ചത്. ഇത് അംഗീകരിച്ചു സർക്കാരിന്റെ ഉത്തരവിറങ്ങിയത് കഴിഞ്ഞ മാർച്ച് എട്ടിന്. അതും 2018 ഡിസംബർ 31 എന്ന മുൻകാലപ്രാബല്യത്തോടെ.

ഹാർവഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രഫസറും വകുപ്പു മേധാവിയുമായിരുന്ന ഗീതയെ ഈ സർക്കാർ വന്ന ശേഷം 2016 ജൂലൈയിലാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. പ്രതിഫലമില്ലാതെയാണ് അവർ ഈ ചുമതലയേറ്റെടുത്തത്. കഴിഞ്ഞ സെപ്റ്റംബർ അവസാനം ഐഎംഎഫിൽ ഉന്നത പദവിയിൽ നിയമനം ലഭിച്ചപ്പോൾ, ഇവിടത്തെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അവർ സർക്കാരിനു കത്തു നൽകി. ജനുവരി ഒന്നു മുതലാണു പുതിയ ചുമതല ഏറ്റെടുക്കുന്നതെന്നും അറിയിച്ചു.

എന്നാൽ, സർക്കാർ രാജിക്കത്ത് അംഗീകരിക്കുകയോ ഉത്തരവിറക്കുകയോ ചെയ്തില്ല. ഫയൽ കൈകാര്യം ചെയ്യുന്നതിൽ കാലതാമസമുണ്ടായെന്നാണു സൂചന. ഒടുവിൽ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണു കഴിഞ്ഞ എട്ടിന് ഉത്തരവിറക്കി ഗീതയ്ക്ക് അയച്ചു കൊടുത്തത്. അതേസമയം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജനും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയും ഈയിടെ രാജി വച്ചപ്പോൾ ഉടനടി അവ അംഗീകരിച്ച് ഉത്തരവിറക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com