ADVERTISEMENT

തൃശൂർ ∙ വാതിൽപ്പടി റേഷൻ വിതരണത്തിൽ ‘ബെനാമി വാഴ്ച’ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 7 താലൂക്കുകളിലെ ഇ–ടെൻഡർ റദ്ദാക്കാൻ സപ്ലൈകോ സിഎംഡിയുടെ ഉത്തരവ്. ടെൻഡറിൽ ഒത്തുകളി നടന്നെന്നും ബെന‍ാമികളെ ഉപയോഗിച്ച് പഴയ റേഷൻ മൊത്തവ്യാപാരി വാതിൽപ്പടി റേഷൻ വിതരണം നടത്തുകയാണെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ സപ്ലൈകോ വിജിലൻസ് നൽകിയ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് സിഎംഡി എം.എസ്. ജയയുടെ ഉത്തരവ്. ‘ഇലക്‌ഷൻ അർജന്റ്’ ബോർഡ് വച്ച് ചിറ്റിശേരിയിലെ ഗോഡൗണിൽനിന്നു റേഷൻ ഗോതമ്പ് കടത്താൻ ശ്രമിച്ച സംഭവത്തിൽ കുടുങ്ങിയത് ഇതേ ബെനാമി മൊത്തവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള ലോറികളാണെന്നു കണ്ടെത്തിയിട്ടുണ്ട്.

മൊത്തവ്യാപാരികളുടെ ചൂഷണമൊഴിവാക്കാനാണ് സർക്കാർ നേരിട്ടു കടകളിൽ റേഷൻ എത്തിക്കുന്ന സംവിധാനമായ വാതിൽപ്പടി വിതരണം ആരംഭിച്ചത്. എന്നാൽ, പഴയ മൊത്തവ്യാപാരികൾ തന്നെ ബെനാമികളെ ഉപയോഗിച്ചു വ്യാപകമായി കരാറുകൾ എടുത്തിട്ടുണ്ടെന്നു തൃശൂർ ജില്ലയിൽ സപ്ലൈകോ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. തൃശൂർ സ്വദേശി ജിസോ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

തൃശൂർ, മുകുന്ദപുരം, തലപ്പിള്ളി, ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്, പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്നീ താലൂക്കുകളിൽ കഴിഞ്ഞ ഒക്ടോബറിലാണ് വാതിൽപ്പടി വിതരണത്തിന് ഇ–ടെൻഡർ വിളിച്ചത്. ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത 3 പേർക്കു കരാർ ലഭിച്ചു. എന്നാൽ, ടെൻഡറിൽ പങ്കെടുത്ത 3 പേരും ട്രാൻസ്പോർട്ടേഷൻ കോൺട്രാക്ട് നേടാൻ സമർപ്പിച്ച ലോറികളെല്ലാം ഒരാളുടേതുതന്നെ. കരാറിനുള്ള നിരതദ്രവ്യം അടച്ചത് ഒരേ ബാങ്ക് അക്കൗണ്ടിൽനിന്ന്. അപേക്ഷ തയാറാക്കിയിരിക്കുന്നത് ഒരേ കൈപ്പടയിൽ. 3 പേരും ഓൺലൈൻ വഴി കരാർ രേഖകൾ അപ്‍ലോഡ് ചെയ്തിരിക്കുന്നത് ഒരു കംപ്യൂട്ടറിൽനിന്ന്. ലോറികളുടെ യഥാർഥ ഉടമസ്ഥൻ തൃശൂർ താലൂക്കിലെ പഴയ റേഷൻ മൊത്തവ്യാപാരിയും. ഇതോടെ, കരാറിനു പിന്നിൽ ഒത്തുകളിയുണ്ടെന്നും പഴയ റേഷൻ മൊത്തവ്യാപാരിയുടെ ബെനാമികളാണ് 3 കരാറുകാരുമെന്ന നിഗമനത്തിൽ സപ്ലൈകോ വിജിലൻസ് എത്തി. സപ്ലൈകോയെ കബളിപ്പിക്കാൻ ശ്രമം നടന്നെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.

നേരിട്ടു ഹാജരാകാൻ കരാർ നേടിയവരിലൊരാൾക്ക് നോട്ടിസ് നൽകിയിരുന്നെങ്കിലും തയാറായില്ലെന്നു സിഎംഡിയുടെ ഉത്തരവിൽ പറയുന്നു. റീ ടെൻഡർ ഉടനുണ്ടാകുമെന്നാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com