ADVERTISEMENT

കണ്ണൂർ‌ /കാസർകോട്∙ പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അസോസിയേഷൻ നേതാക്കൾ കൂട്ടത്തോടെ കൈപ്പറ്റിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം രാത്രി കണ്ണൂരിൽ നടന്ന മിന്നൽ പരിശോധനയിൽ സിപിഎം നേതൃത്വത്തിനു പ്രതിഷേധം. നടപടി പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന തരത്തിൽ പൊലീസ് രഹസ്യാന്വേഷണവിഭാഗം ഡിജിപിക്കു റിപ്പോർട്ട് നൽകി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയോടു വിശദീകരണം ചോദിച്ചേക്കും.

പൊലീസുകാരുടെ ശുചിമുറിയി‍ൽവരെ കയറി രാത്രി മിന്നൽ പരിശോധന നടത്തിയതു സേനയുടെ ആത്മവീര്യം ചോ‍ർത്തുന്ന നടപടിയാണെന്നാണു ഒരു വിഭാഗത്തിന്റെ വിമർശനം. വഴിയിൽ കിടന്നു തപാൽ ബാലറ്റ് കിട്ടിയെന്ന പ്രചാരണം കളവാണെന്നും ഇവർ പറയുന്നു. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം ഇതേക്കുറിച്ചു പ്രതികരിച്ചില്ല.

കാസർകോട് ജില്ലയിൽ ബേക്കൽ പൊലീസ് സ്റ്റേഷനിലെ 46 പൊലീസ് ഉദ്യോഗസ്ഥർക്കു പോസ്റ്റൽ ബാലറ്റ് ലഭിച്ചിട്ടില്ലെന്നാണു സ്പെഷൽ ബ്രാഞ്ചിന്റെ കണക്ക്. 54 അപേക്ഷകളാണ് അതത് ഉപ വരണാധികാരികൾക്കായി കോട്ടിക്കുളം തപാൽ ഓഫിസ് മുഖേന അയച്ചത്. ബാലറ്റ് ലഭിച്ചവരിൽ 7 പേർ പൊലീസുകാരും ഒരാൾ ഹോംഗാർഡുമാണ്. 3 പേർ അപേക്ഷിച്ചില്ല. അപേക്ഷ നൽകിയ 5 പൊലീസ് ഉദ്യോഗസ്ഥർ ഇതേക്കുറിച്ചു ജില്ലാ വരണാധികാരിയുടെ ഇമെയിൽ വിലാസത്തി‍ൽ പരാതി അയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. . 

തൃശൂർ ജില്ലയിലും അന്വേഷണം നടന്നെങ്കിലും ആർക്കും പരാതിയില്ലെന്ന നിഗമനത്തിൽ ഇത് അവസാനിപ്പിച്ചേക്കും. സിറ്റി, റൂറൽ പൊലീസ് ജില്ലകളിൽ മാത്രം 200ലേറെ പേരുടെ പോസ്റ്റൽ ബാലറ്റുകൾ അസോസിയേഷൻ നേതാക്കൾ ‘വെട്ടിയതായി’ ആരോപണമുണ്ടായിരുന്നു. 

ഇതേസമയം, തപാൽവോട്ടിന് അപേക്ഷിക്കുകയോ ബാലറ്റ് പേപ്പർ കൈപ്പറ്റുകയോ ചെയ്തിട്ടുള്ള മുഴുവൻ പൊലീസുകാരും പരാതി ഉണ്ടെങ്കിൽ അറിയിക്കണമെന്ന് തിരുവനന്തപുരം റേഞ്ച് ക്രൈംബ്രാഞ്ച് ഐജി യൂണിറ്റ് മേധാവികൾക്കു സർക്കുലർ നൽകി. മേലുദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ മറുപടി ഇന്നു വൈകിട്ട് അഞ്ചിനു മുൻപു തൃശൂർ ക്രൈംബ്രാഞ്ച് എസ്പിക്കു നൽകണം. 16 നു മുൻപു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു അന്വേഷണ റിപ്പോർട്ട് നൽകും 

വഴിയിൽ മുങ്ങും അപേക്ഷകൾ 

ഏപ്രിൽ 12, 13 തീയതികളിലാണു ബേക്കൽ സ്റ്റേഷൻ റൈറ്റർ സിവിൽ പൊലീസ് ഓഫിസർമാർ വശം അപേക്ഷകൾ തപാൽ ഓഫിസിൽ എത്തിച്ചത്. ആദ്യത്തെ ദിവസം ജീവനക്കാരനു നേരിട്ടു കൈമാറി. അപേക്ഷകളിൽ സ്റ്റാംപ് പതിക്കണമെന്നു തപാൽ ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും വേണ്ടെന്നായിരുന്നു സ്റ്റേഷനിൽ നിന്നുളള നിർദേശം. പിറ്റേന്നു ബാക്കി അപേക്ഷകൾ തപാൽ പെട്ടിയിൽ നിക്ഷേപിച്ചു. ആദ്യത്തെ ദിവസം എത്തിച്ച അപേക്ഷകളിലുള്ള ബാലറ്റുകളാണു ലഭിക്കാത്തത്.

തൃശൂരിൽ കുന്നംകുളത്തെ ഒരു പൊലീസ് സ്റ്റേഷനിൽ 22 പൊലീസുകാരുടെ ബാലറ്റ് അപേക്ഷകൾ വരണാധികാരിക്ക് എത്തിച്ചു നൽകാൻ ഏൽപിച്ചത് അസോസിയേഷൻ ബന്ധമുള്ള പൊലീസുകാരനെ. എല്ലാവരുടെയും അപേക്ഷയുംകൊണ്ട് പൊലീസുകാരൻ കലക്ടറേറ്റിലേക്കു പോയി. എന്നാൽ, ബാലറ്റ് ലഭിച്ചത് 13 പേർക്കു മാത്രം. ബാക്കി 9 പേരുടെ അപേക്ഷ എത്തേണ്ടിടത്ത് എത്തിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com