ADVERTISEMENT

സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ പ്രകാശ് തമ്പിക്കും ഒളിവിലുള്ള വിഷ്ണു സോമസുന്ദരത്തിനും വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധമുണ്ടോ? അപകടം നടക്കുമ്പോൾ ബാലഭാസ്കറിന്റെ കാർ ഓടിച്ചതാര്? 2 ചോദ്യങ്ങൾക്കുമുള്ള ഉത്തരത്തിനായാണ് അന്വേഷണസംഘം നീങ്ങുന്നതും കേരളം കാത്തിരിക്കുന്നതും.

ഏത് അപകടക്കേസിലെയും പോലെ മംഗലപുരം പൊലീസ് മുന്നോട്ടു നീങ്ങുമ്പോഴാണു ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് സി.കെ. ഉണ്ണി 2018 നവംബർ 23നു ഡിജിപിക്കു പരാതി നൽകിയത്. കേസ് അതോടെ ആറ്റിങ്ങൽ ഡിവൈഎസ്പിക്കു കൈമാറി. തന്റെയോ ഭാര്യയുടെയോ മൊഴിയെടുക്കുന്നില്ലെന്നും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും ഉണ്ണി വീണ്ടും പരാതി നൽകിയതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. പുതിയ സംഘം കേസ് ഏറ്റെടുത്തു മുന്നോട്ടു നീങ്ങുന്നതിനിടെയാണു സ്വർണക്കടത്തു കേസിൽ പ്രകാശ് തമ്പി അറസ്റ്റിലാകുന്നത്. വിഷ്ണുവിനെ പ്രതിയാക്കുകയും ചെയ്തു.

ബാലഭാസ്കറിന്റെ സംഗീത പരിപാടികൾ പലതും ഏകോപിപ്പിച്ചിരുന്നതു പ്രകാശ് തമ്പിയും വിഷ്ണുവും ചേർന്നാണെന്ന വിവരം പുറത്തുവന്നതോടെ അപകടമരണത്തിൽ ദുരൂഹതയേറി. അന്വേഷണ സംഘം ഉണർന്നു. ചോദ്യംചെയ്യൽ തകൃതിയായി. അപകടസ്ഥലത്തു സംശയകരമായ സാഹചര്യത്തിൽ 2 പേരെ കണ്ടെന്നു കലാഭവൻ സോബി മൊഴി ന‍ൽകി.

കാർ ആരാണ് ഓടിച്ചതെന്നു കണ്ടെത്താനുള്ള 2 തെളിവുകളാണു കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങളും കാറിൽ നിന്നു ശേഖരിച്ച രക്തസാംപിളുകളും. ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനും ഡ്രൈവിങ് സീറ്റിലെ രക്തക്കറ ആരുടേതെന്നു തിരിച്ചറിയാനുമുള്ള ശാസ്ത്രീയ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. കാറോടിച്ചത് അർജുൻ തന്നെയാണെന്ന് നിഗമനത്തിലെത്തിയിട്ടുണ്ടെങ്കിലും കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി മറിച്ചാണ്. ഇയാൾ കേസിൽ നിർണായക സാക്ഷിയായതിനാൽ അവഗണിക്കാനുമാകില്ല.

അതേസമയം, ഇപ്പോൾ‌ കേസിലെ ഏക പ്രതിയായ ഡ്രൈവർ അർജുനാകട്ടെ സ്ഥലംവിടുകയും ചെയ്തു. താനല്ല വാഹനമോടിച്ചതെന്ന് അർജുൻ മൊഴിമാറ്റിയതിനെ തുടർന്നു സത്യാവസ്ഥ കണ്ടെത്താൻ വേണ്ടിയാണു ജ്യൂസ് കടയിൽ നിന്നു സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതെന്നാണു പ്രകാശ് തമ്പിയുടെ മൊഴി. സ്വർണക്കടത്തുമായി കാർ അപകടത്തിനു ബന്ധമുണ്ടോയെന്നു കണ്ടെത്താനുള്ള അന്വേഷണം പൂർത്തിയാകണമെങ്കിൽ അർജുനെക്കൂടി ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com