എപ്പോഴും വിളിക്കാം; ശ്രീലേഖയെ തിരുത്തി ഋഷിരാജ് സിങ്
Mail This Article
കോഴിക്കോട്∙ തടവുകാരുടെ പൊലീസ് അകമ്പടി പോലുള്ള നിസ്സാര കാര്യങ്ങൾക്കു ജയിൽ ഉദ്യോഗസ്ഥർ ഡിജിപിയെ മൊബൈൽ ഫോണിൽ വിളിക്കരുതെന്ന മുൻ ജയിൽ വകുപ്പ് മേധാവി ആർ.ശ്രീലേഖയുടെ സർക്കുലർ തിരുത്തി ഡിജിപി ഋഷിരാജ് സിങ്.
തടവുകാർക്കു പൊലീസ് അകമ്പടി ലഭിച്ചില്ലെങ്കിൽ ഏതു സമയത്തും സൂപ്രണ്ടുമാർക്കു തന്നെ നേരിട്ടു വിളിക്കാമെന്നാണു ജയിൽ വകുപ്പ് മേധാവിയായി ചുമതലയേറ്റ ശേഷമുള്ള ഋഷിരാജ് സിങ്ങിന്റെ ആദ്യ സർക്കുലർ. നിസ്സാര കാര്യത്തിനു കീഴുദ്യോഗസ്ഥർ മൊബൈൽ ഫോണിൽ തന്നെ വിളിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നു തവണയാണു സർക്കുലർ ഇറക്കിയത്. പൊലീസ് അകമ്പടി പോലുള്ള ആവശ്യങ്ങൾക്കു വിളിച്ച ചില ഉദ്യോഗസ്ഥരെ അച്ചടക്ക നടപടിയുടെ ഭാഗമായി പരിശീലന കേന്ദ്രത്തിലേക്കു സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
തടവുകാരുടെ അകമ്പടിക്കു പൊലീസുകാരെ കിട്ടുന്നില്ലെന്നും മറ്റുമുള്ള പരാതികളുമായി ഉദ്യോഗസ്ഥർ ഡിജിപിയെ വിളിക്കുന്നതു പതിവായതോടെയായിരുന്നു ആർ.ശ്രീലേഖയുടെ സർക്കുലർ. ജയിലുകളിൽ അടിയന്തര സാഹചര്യമുണ്ടാകുമ്പോൾ ജയിൽ ഉദ്യോഗസ്ഥർക്കു ജയിൽ മേധാവിയെയോ മേഖലാ ഡിഐജിയോ വിളിക്കാമെന്നും ഇവർ മാത്രമേ തന്നെ വിളിക്കാൻ പാടുള്ളൂവെന്നുമായിരുന്നു സർക്കുലർ. തടവുകാരുടെ അകമ്പടി പോലുള്ള വിഷയങ്ങൾ അടിയന്തര സാഹചര്യങ്ങളുടെ പട്ടികയിലും ഇല്ലായിരുന്നു.
ക്രമസമാധാന പ്രശ്നം, ജയിൽചാട്ടം, തടവുകാരുടെ ഗുരുതരമായ രോഗം, മരണം എന്നിവയാണ് അടിയന്തര സാഹചര്യമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ പൊലീസ് അകമ്പടി ലഭിക്കാത്തതു മൂലം പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ജയിൽ സൂപ്രണ്ടുമാർക്കു തന്നെ നേരിട്ടു വിളിക്കാമെന്നാണു ശ്രീലേഖയ്ക്കു പകരം ചുമതലയേറ്റ ഋഷിരാജ് സിങ്ങിന്റെ സർക്കുലർ. ഔദ്യോഗിക ഫോണിനു പുറമേ തന്റെ സ്വകാര്യ മൊബൈൽ നമ്പറിലും വിളിക്കാം. പൊലീസ് അകമ്പടി ലഭിക്കാത്തതുമൂലം പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കഴിയാതെ വന്നാൽ അതിന്റെ ഉത്തരവാദിത്തം സൂപ്രണ്ടുമാർക്കാണെന്നും സർക്കുലർ വ്യക്തമാക്കുന്നു.