ADVERTISEMENT

കുറുപ്പംപടി ∙ അച്ചടിച്ചവ വായിക്കുമ്പോൾ ശരിതെറ്റുകൾ യുക്തിപൂർവം വേർതിരിച്ചെടുക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എഴുത്തുകാരനും മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയമായിരുന്ന അന്തരിച്ച ഡോ. ഡി.ബാബു പോൾ അമ്മയുടെ ഓർമയ്ക്കായി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിൽ നിർമിച്ച മേരി പോൾ മെമ്മോറിയൽ ചിൽഡ്രൻസ് ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ പരിധിയിടാൻ കുട്ടികൾക്ക് ധാരണ പകർന്നു കൊടുക്കാൻ‌ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇവ എങ്ങനെ ഉപയോഗിക്കുന്നുയെന്നതിനെ ആശ്രയിച്ചാണ് ഫലം. ആധുനിക കാലത്ത് ഇവ അനിവാര്യമാണെങ്കിലും കുറ്റകൃത്യങ്ങൾക്കും തെറ്റായ കാര്യങ്ങൾക്കും ഉപയോഗിക്കുകയാണ്. ഇവിടെയാണ്  വായനയുടെ പ്രസക്തി. വായന മരിക്കുന്നുവെന്ന ആശങ്കയുയരുന്ന കാലമാണിത്. പാഠപുസ്തകത്തിനപ്പുറം വായിക്കേണ്ട എന്നു ചിന്തിക്കുന്നവരാണ് ഒരു വിഭാഗം. അവസാനകാലം വരെ വായിക്കുകയും പഠിക്കുകയും ചെയ്ത ഡി.ബാബു പോൾ മാതൃകയാണ്. മനുഷ്യരുടെ നന്മയും ഉയർച്ചയും ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. അതിനുതകുന്ന ആശയങ്ങളാണ് സമൂഹവുമായി പങ്കുവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്കുള്ള ഉപഹാരം ഡോ. ഡി.ബാബു പോളിന്റെ മകൾ നീബ ജോസഫ് കൈമാറി. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. ഡിബാബു പോളിന്റെ സഹോദരൻ മുൻ വ്യോമയാന സെക്രട്ടറിയും മുൻ യുപിഎസ്‌സി അംഗവുമായ കെ. റോയ് പോൾ ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ, രായമംഗലം പ‍ഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, മുൻ എംഎൽഎ സാജു പോൾ, ഡയറ്റ് പ്രിൻസിപ്പൽ കെ.എം.കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.

അമ്മയുടെ പേരിൽ ലൈബ്രറി ആരംഭിക്കുന്നതിനുള്ള അവസാന ഘട്ട ജോലികളിൽ ഏർപ്പെട്ടു കൊണ്ടിരിക്കെയാണ് ബാബുപോൾ ആശുപത്രിയിലായത്. അമ്മ ഇവിടെ പഠിപ്പിച്ചിരുന്നുവെന്നു മാത്രമല്ല ബാബു പോളും സഹോദരൻ റോയ് പോളും അക്ഷരം പഠിച്ചതും ഇവിടെയാണ്. സ്കൂളിനോടു ചേർന്നാണ്  ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം.

10 ലക്ഷം രൂപ ചെലവിലാണ് ലൈബ്രറി നിർമാണം പുർത്തിയാക്കിയത്. പലയിടത്തു നിന്നു സമാഹരിച്ച പുസ്തകങ്ങൾ അദ്ദേഹം എത്തിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളെത്തി. വിദേശത്തും സ്വദേശത്തും അദ്ദേഹത്തിന്റെ സുഹൃദ്‌വലയം ശേഖരിച്ച പുസ്തകങ്ങൾ ഉടനെത്തും. വായനാമുറി നിർമിച്ച ഭാഗത്ത് വലിയൊരു മരമുണ്ട്. ഈ മരം നിലനിർത്തിയാണ് നിർമാണ ചുമതലയുള്ള ഹാബിറ്റാറ്റ് വായനമുറിയൊരുക്കിയിരിക്കുന്നത്. മരച്ചോട്ടിലിരുന്ന് പുസ്തകങ്ങൾ‌ വായിക്കാമെന്നതാണ് പ്രത്യേകത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com