ഇറക്കുമതി തീരുവ വർധന: സ്വർണ കള്ളക്കടത്ത് കൂടുമെന്ന് ആശങ്ക
Mail This Article
കൊച്ചി ∙ ഇറക്കുമതി തീരുവ വർധന സ്വർണത്തിന്റെ കള്ളക്കടത്ത് വർധിക്കാൻ ഇടയാക്കുമെന്ന് ആശങ്ക. ഒരു കിലോ സ്വർണം ഗൾഫിൽ നിന്നു കടത്തിയാൽ 2 ലക്ഷം മുതൽ 2.40 ലക്ഷം രൂപ വരെയാണു നിലവിൽ കള്ളക്കടത്തുകാരുടെ മാർജിൻ. 24 കാരറ്റ് തങ്കമാണു കടത്തുന്നത്. കള്ളക്കടത്ത് സ്വർണം ഇന്ത്യയിൽ വാങ്ങുന്നവർക്കു നൽകേണ്ട ഇളവ്, ടിക്കറ്റ് ചാർജ്, കാരിയർക്കു നൽകേണ്ടത് തുടങ്ങിയവയെല്ലാം കുറച്ചാൽ കിലോയ്ക്ക് ഒരു ലക്ഷം മുതൽ 1.25 ലക്ഷം രൂപ വരെയാണ് യഥാർഥ ലാഭം.
തീരുവ 12.50% ആക്കുന്നതോടെ കള്ളക്കടത്ത് സ്വർണത്തിന് ആവശ്യക്കാർ ഏറും. ഇതോടെ കിലോയ്ക്ക് 3 ലക്ഷം രൂപയെങ്കിലും കള്ളക്കടത്തുകാർക്കു ലഭിച്ചേക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗൾഫിൽ സ്വർണ വില വർധിച്ചതോടെ അടുത്തിടെയായി കള്ളക്കടത്തുകാരുടെ മാർജിൻ കുറഞ്ഞിരുന്നു.
തീരുവ ഇളവിൽ മാറ്റമില്ല
കൊച്ചി ∙ സ്വർണത്തിനു വില വർധിക്കുമ്പോഴും വിദേശത്തു നിന്നു കൊണ്ടുവരുന്ന സ്വർണത്തിനുള്ള തീരുവ ഇളവുകളിൽ മാറ്റം വരുത്താത്തതു പ്രവാസികൾക്കു തിരിച്ചടിയാണ്. 6 മാസം വിദേശത്തു കഴിഞ്ഞ പുരുഷന്മാർക്ക് 50,000 രൂപയുടെയും സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയുടെയും സ്വർണം തീരുവ അടയ്ക്കാതെ കൊണ്ടുവരാം. വിദേശത്തു പോകുമ്പോൾ കൈയിൽ വയ്ക്കുന്ന സ്വർണത്തിനു പുറമേയാണിത്. (വിദേശത്തേക്കു പോകുമ്പോൾ കൈയിലുള്ള സ്വർണം വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിൽ ഡിക്ലയർ ചെയ്ത്, സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണു നിയമം). ഇളവു പരിധിയിലധികം സ്വർണം കൊണ്ടുവരുന്ന യാത്രക്കാർ ഇനി 12.50% തീരുവ അടയ്ക്കേണ്ടി വരും.
6 മാസം വിദേശത്തു കഴിഞ്ഞവർക്ക് ഇതുവരെ ഒരു കിലോ സ്വർണം വരെ 10% തീരുവയടച്ചു കൊണ്ടുവരാൻ കഴിഞ്ഞിരുന്നു. ഇനി 12.50% തീരുവ അടയ്ക്കേണ്ടി വരും.